play-sharp-fill
സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴില്‍ വിസകളുടെയും സ്റ്റാമ്പിങ്ങിന് ഇനി വിരലടയാളം നിര്‍ബന്ധം ; നിയമം ജനുവരി 15 മുതല്‍ പ്രാബല്യത്തിൽ

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴില്‍ വിസകളുടെയും സ്റ്റാമ്പിങ്ങിന് ഇനി വിരലടയാളം നിര്‍ബന്ധം ; നിയമം ജനുവരി 15 മുതല്‍ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴില്‍ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജനുവരി 15 മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു.

ഇനി സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം. സൗദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജൻസികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ വിവരം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുവര്‍ഷം മുൻപേ ഇതിനെ കുറിച്ച്‌ സൗദി അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. 2022 മെയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ ആകുമെന്ന് കോണ്‍സുലേറ്റ് അന്ന് ട്രാവല്‍ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാല്‍ വിസ സര്‍വിസിങ് നടപടികളുടെ പുറംകരാറെടുത്ത ഏജൻസിയായ വി.എഫ്.എസിെൻറ ശാഖകളുടെ കുറവും പെടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു ട്രാവല്‍ ഏജൻസികള്‍ കോണ്‍സുലേറ്റിനെ സമീപിച്ചതിനെ തുടര്‍ന്ന് നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ താല്‍ക്കാലികമായി അന്ന് മരവിപ്പിക്കുകയായിരുന്നു.

അതിന് ശേഷം ഏതാനും മാസം മുമ്പ് സൗദിയിലേക്കുള്ള വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്ക് ഈ നിയമം നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇപ്പോള്‍ തൊഴില്‍ വിസകള്‍ക്ക് കൂടി ഇത് ബാധകമാക്കുകയാണ്. ഇതോടെ വി.എഫ്.എസ് ശാഖകളില്‍ തിരക്ക് ക്രമാതീതമായി വര്‍ധിക്കും.

കേരളത്തില്‍ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും. വിസിറ്റ്, ടൂറിസ്റ്റ് വിസാനടപടികളാണ് ഇപ്പോള്‍ ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇനി തൊഴില്‍ വിസ കൂടി ഇവരുടെ പരിധിയിലേക്ക് വരുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വലിയ രീതിയിലുള്ള കാലതാമസമെടുക്കുമെന്ന് കംഫര്‍ട്ട് ട്രാവല്‍സ് സൗദി ഓപ്പറേഷൻ മാനേജര്‍ മുജീബ് ഉപ്പട പറഞ്ഞു.

വലിയ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും വി.എഫ്.എസ് ശാഖകള്‍ കുറവാണ്. രാജ്യത്ത് ആകെ 10 ഇടങ്ങളില്‍ മാത്രമാണ് ശാഖകളുള്ളത്. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് നിലവില്‍ വി.എഫ്.എസ് ശാഖകളുള്ളത്. ഇതോടെ ഉംറ വിസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും കാര്യത്തില്‍ വിരലടയാളം നിര്‍ബന്ധമായി മാറുകയാണ്. ഉംറക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത്. വിസ കിട്ടിയാല്‍ പാസ്പോര്‍ട്ടുമായി സൗദിയിലേക്ക് വിമാനം കയറാനാവും.