play-sharp-fill
കാത്തിരിപ്പ് തുടരണം: സൗദി അറേബ്യയില്‍ വധശിക്ഷ റദ്ദു ചെയ്ത അബ്ദുൾ റഹീമിന്റെ മോചനം നീളുന്നു, പ്രതീക്ഷയോടെ കുടുംബം

കാത്തിരിപ്പ് തുടരണം: സൗദി അറേബ്യയില്‍ വധശിക്ഷ റദ്ദു ചെയ്ത അബ്ദുൾ റഹീമിന്റെ മോചനം നീളുന്നു, പ്രതീക്ഷയോടെ കുടുംബം

 

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷ റദ്ദ് ചെയ്യപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ തീരുമാനമായില്ല. റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചന ഹർജി തിങ്കളാഴ്ച കോടതി പരിഗണിച്ചിരുന്നു. എന്നാല്‍, വധശിക്ഷ റദ്ദ് ചെയ്ത ബെഞ്ചാണ് വിധിപറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.

 

തിങ്കളാഴ്ചത്തെ സിറ്റിങ്ങില്‍ മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പബ്ലിക് പ്രോസിക്യൂഷൻ ഉള്‍പ്പടെയുള്ള വകുപ്പുകളുടെയെല്ലാം നടപടിക്രമങ്ങള്‍ പൂർത്തിയായതിനാല്‍ മോചനഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു.

 

എന്നാൽ ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അറിയിക്കും. ഏതുദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നടപടിക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളില്‍തന്നെ മോചനഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായസമിതി ഭാരവാഹികള്‍.

 

സൗദി പൗരൻ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം ജയിലിലായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയവെയാണ് റഹീമിന്റെ മോചനത്തിനായി നാടൊന്നാകെ കൈകോർത്തത്. ദയാധനം സ്വീകരിച്ച്‌ അബ്ദുല്‍ റഹീമിന് മാപ്പുനല്‍കാമെന്ന്, കൊല്ലപ്പെട്ട സൗദിയുവാവിന്റെ കുടുംബം ചൊവ്വാഴ്ച ഔദ്യോഗികമായി റിയാദ് ക്രിമിനല്‍ കോടതിയെ അറിയിക്കുകയും തുടർ നടപടികള്‍ക്കായി പണം കൈമാറുകയും ചെയ്തിരുന്നു. അതോടെ, വധശിക്ഷ കോടതി റദ്ദാക്കി.