കാട്ടിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; നിയമനടപടി ആവശ്യപ്പെട്ട  കുടുംബത്തിന് വനംവകുപ്പിന്റെ കൈമടക്ക് ; മാതാപിതാക്കളുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ്  5000 രൂപ ‘സഹായം’; പണം തിരിച്ചയച്ച് കുടുംബം

കാട്ടിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; നിയമനടപടി ആവശ്യപ്പെട്ട കുടുംബത്തിന് വനംവകുപ്പിന്റെ കൈമടക്ക് ; മാതാപിതാക്കളുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് 5000 രൂപ ‘സഹായം’; പണം തിരിച്ചയച്ച് കുടുംബം

ഇടുക്കി: മകനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന സരിന്റെ മാതാപിതാക്കളുടെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വനംവകുപ്പ് പണം നല്‍കി. കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട കുടുംബത്തിനാണ് 5000 രൂപ ‘സഹായവുമായി’ വനം വകുപ്പ് എത്തിയത്.

സംഭവത്തില്‍ നടപടി നേരിട്ട മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുലിന്റെ സ്വകാര്യ അക്കൗണ്ടില്‍ നിന്നാണ് ഈ പണം എത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബം പണം തിരിച്ചുനല്‍കി

നിരാഹാര സമരം നടത്തിയ മാതാപിതാക്കളുടെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റുന്ന ഘട്ടത്തില്‍ ഒക്ടോബര്‍ 30നാണ് പണം നല്‍കിയത്. വകുപ്പുതല സഹായം എന്ന നിലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമര സമിതി നേതാവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയത്. എന്നാല്‍ ഈ പണമെത്തിയത് നടപടി നേരിട്ട രാഹുലിന്റെ അക്കൗണ്ടില്‍നിന്നാണെന്ന് തൊട്ടടുത്ത ദിവസമാണ് സമരസമിതി നേതാക്കള്‍ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നിയമനടപടികളിലേക്ക് നീങ്ങുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സമര സമിതി നേതാക്കളെ രാഹുല്‍ ബന്ധപ്പെട്ടിരുന്നു. നിങ്ങളെ സാമ്പത്തികമായെല്ലാം സഹായിച്ചതല്ലേ ഇനിയും കേസുമായി മുന്നോട്ടുപോണോ എന്ന് രാഹുല്‍ ചോദിച്ചതോടെയാണ് ചികിത്സാ സഹായത്തിന് തന്ന പണം ഉദ്യോഗസ്ഥന്റെ കൈമടക്കായിരുന്നുവെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ 5000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

അതേസമയം, വനംവകുപ്പിന്റെ ഔദ്യോഗിക ഫണ്ടില്‍നിന്ന് സഹായമെന്ന നിലയില്‍ നല്‍കിയ പണമാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാല്‍ ആ പണം നല്‍കിയ വനംവകുപ്പിന്റെ അക്കൗണ്ടില്‍ നിന്നല്ല എന്നതും ശ്രദ്ധേയമാണ്. നടപടി നേരിട്ട് സ്ഥലംമാറിപോയ ഉദ്യോഗസ്ഥന്‍ പണം നല്‍കുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും സമരസമിതി പറയുന്നു.