സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുത്തം; പെനാൽറ്റി ഷൂട്ടൗട്ടിൽ ബം​ഗാളിനെ തോൽപ്പിച്ച് ഏഴാം കിരീടം നേടി കേരളം

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുത്തം; പെനാൽറ്റി ഷൂട്ടൗട്ടിൽ ബം​ഗാളിനെ തോൽപ്പിച്ച് ഏഴാം കിരീടം നേടി കേരളം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുത്തം. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവില്‍ ആണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്.

116ആം മിനുട്ട് വരെ കേരളം ഒരു ഗോളിന് പിറകിലായിരുന്നു. അവിടെ നിന്ന് പൊരുതി കയറി ആയിരുന്നു വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെമി ഫൈനലിലെ ആദ്യ ഇലവനില്‍ നിന്ന് മാറ്റം ഇല്ലാതെ ആണ് ഇന്ന് പയ്യനാട് കേരളം ഇറങ്ങിയത്. സെമി ഫൈനലില്‍ എന്ന പോലെ ഇന്നും തുടക്കത്തില്‍ കേരളത്തില്‍ നിന്ന് നല്ല പ്രകടനം അല്ല കാണാന്‍ ആയത്. മത്സരത്തിലെ ആദ്യ രണ്ട് നല്ല അവസരങ്ങളും അവര്‍ക്കാണ് ലഭിച്ചത്. 22ആം മിനുട്ടില്‍ മഹിതോഷ് റോയിക്ക് കിട്ടിയ തുറന്ന അവസരവും ബംഗാള്‍ നഷ്ടപ്പെടുത്തി.

33ആം മിനുട്ടിലാണ് കേരളത്തിന്റെ ആദ്യ നല്ല അവസരം വന്നത്. അര്‍ജുന്‍ ജയരാജിന്റെ പാസില്‍ നിന്ന് വിക്നേഷ് ബംഗാള്‍ ഡിഫന്‍സിനെ കീഴ്പ്പെടുത്തി മുന്നേറി. ആകെ ബംഗാള്‍ ഗോള്‍ കീപ്പര്‍ മാത്രമെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിക്നേഷിന് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ആയില്ല. പിന്നാലെ ഇടതു വിങ്ങില്‍ നിന്നുള്ള ഒരു ക്രോസ് ബംഗാള്‍ കീപ്പര്‍ തട്ടിയകറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്ബും ബംഗാളിന് ഒരു സുവര്‍ണ്ണാവസരം ലഭിച്ചു. എങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായി തന്നെ അവസാനിച്ചു.

രണ്ടാം പകുതിയില്‍ ജിജോ ജോസഫിലൂടെ കേരളം ഗോളിന് അടുത്ത് എത്തി എങ്കിലും ഫലം ഉണ്ടായില്ല. മറുവശത്ത് മിഥുന്റെ സേവുകളും കളി ഗോള്‍ രഹിതമായി നിര്‍ത്തി. പരിക്ക്‌ കാരണം അജയ് അലക്സ് പുറത്ത് പോയത്‌ കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പിന്നീട് നല്ല അവസരങ്ങള്‍ പിറന്നില്ല. തുടര്‍ന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

97ആം മിനുട്ടില്‍ പയ്യനാട് സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് ബംഗാള്‍ ഗോള്‍ നേടി‌. ദിലിപ് ഒരാവന്‍ ആണ് ബംഗാളിനായി ഒരു ഹെഡറിലൂടെ ലീഡ് എടുത്തത്. സന്തോഷം കൈവിട്ട നിമിഷം. പിന്നീട് പൊരുതി നോക്കിയ കേരളം 117ആം മിനുട്ടില്‍ സമനില കണ്ടെത്തി. വലതു വിങ്ങില്‍ നിന്ന് വന്ന ക്രോസിന് തല വെച്ച്‌ സഫ്നാദിന് ആണ് കേരളത്തിന് സമനില നല്‍കിയത്. ഇത് കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു.

ബംഗാളിന്റെ രണ്ടാം പെനാള്‍ട്ടി കിക്ക് പുറത്തേക്ക് പോയത് കേരളത്തിന് ആശ്വാസമായി. 5-4നാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഏഴാം കിരീടമാണിത്‌