നീട്ടി വളര്‍ത്തിയ താടിയും മുടിയും വാചകമടിച്ച് എല്ലാവരെയും വീഴ്‌ത്താനുള്ള കഴിവും ; പത്താം ക്ലാസ് തോറ്റതോടെ തട്ടിപ്പുവേലകള്‍ക്കായി സ്വയം ആള്‍ദൈവമായി ; നഗ്നപൂജയെന്ന വ്യാജേന പീഡനം ; സിനിമാ നടിമാരെയും പാട്ടിലാക്കി ; ജ്യോതിഷത്തിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍, കോടിക്കണക്കിനു രൂപയുടെ ആസ്തി;കുരുക്കിലായത് പ്രവാസി വനിതാ വ്യവസായിയുടെ പരാതിയോടെ ; ജയിലില്‍ പൂജാരിയായി സുഖവാസം ; സന്തോഷ് മാധവൻ എന്ന ആള്‍ദൈവത്തിന്റെ കഥ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൂവെള്ള വേഷവും നീട്ടി വളർത്തിയ താടിയും മുടിയും തലയെടുപ്പുള്ള രൂപവും ആരെയും മയക്കുന്ന നിഗൂഢമായ ചിരിയും. ഒരിക്കലും താൻ സ്വാമിയാണെന്ന് സന്തോഷ് മാധവൻ അവകാശപ്പെട്ടില്ല. താൻ ആത്മീയ ചൈതന്യമുള്ള വ്യക്തിയാണെന്നായിരുന്നു ഇയാള്‍ എല്ലാവരോടും പറഞ്ഞിരുന്നത്.
വാചകമടിച്ച് എല്ലാവരെയും വീഴ്‌ത്താനുള്ള കഴിവുകൂടിയായതോടെ തന്റെ തട്ടിപ്പുകള്‍ക്ക് ഒരുമറവായി ആത്മീയതയെ ഉപയോഗിക്കുകയായിരുന്നു. ജയിലില്‍ പോലും സന്തോഷ് മാധവന് വിഐപി പരിഗണന കിട്ടിയത് ഈ കപട ആത്മീയ പ്രഭാവം കാരണം തന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പനയിലെ പാവപ്പെട്ട വീട്ടിലാണ് ജനനം. പത്താം ക്ലാസ് തോറ്റതോടെ വീട് വിട്ടിറങ്ങി. പല ജോലികള്‍ ചെയ്ത് പോയ സന്തോഷ് മാധവൻ തട്ടിപ്പുവേലകള്‍ക്കായി സ്വയം ആള്‍ദൈവമായി പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തും സ്വദേശത്തുമായി കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം നാട്ടില്‍ ശാന്തിതീരം എന്ന ആശ്രമം സ്ഥാപിച്ച് ചൂഷണം തുടരുകയായിരുന്നു സന്തോഷ് മാധവൻ.
2008ല്‍ എല്ലാം തകിടം മറിഞ്ഞു. ഇയാളുടെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും ഒന്നൊന്നായി പുറത്തുവന്നു. ഇന്റർപോള്‍ തിരയുന്നവരുടെ പട്ടികയില്‍ അമൃത ചൈതന്യ എന്ന പേരില്‍ പടം വന്നതോടെയാണ് കഷ്ടകാലമായി. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. ഈ കേസില്‍ അറസ്റ്റിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലൈംഗിക പീഡനമടക്കം പുറത്തുവന്നത്.
നഗ്‌നപൂജയെന്ന പേരില്‍ ഇയാള്‍ സിനിമാ താരങ്ങളെ വരെ ചൂഷണം ചെയ്തതായി വാർത്തകള്‍ വന്നിരുന്നു. എന്നാല്‍, അതിനുമുമ്ബേ, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം അയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. ഇതെല്ലാം സന്തോഷ് മാധവനെതിരായ കേസില്‍ പിന്നീട് നിർണായക തെളിവുകളായി.
ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം നടത്തിയതും തട്ടിപ്പിനും ചൂഷണത്തിനുമായിരുന്നു. അവിടുത്തെ അന്തേവാസികളായിരുന്ന പന്ത്രണ്ടോളം പെണ്‍കുട്ടികളെ മാറിമാറി പീഡിപ്പിച്ചു. പീഡനത്തിനു പുറമേ സാമ്ബത്തിക തട്ടിപ്പുകളും സന്തോഷിനെ കുടുക്കുന്നതില്‍ നിർണായകമായി.
സന്തോഷ് മാധവൻ ബലാല്‍സംഗം ചെയ്തതായി ആരോപിച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയതോടെ സംശയമായി. തുടരന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. സ്ത്രീകളും പെണ്‍കുട്ടികളുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ഫോട്ടോയും വീഡിയോകളും പകർത്തി സൂക്ഷിക്കുന്നതും ഇയാളുടെ പതിവായിരുന്നു. അത് പിന്നീട് തെളിവുകളായി മാറുകയും ചെയ്തു.
ഇയാളുടെ ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത പൊലീസിന് അവിടെനിന്നും അനേകം നീലച്ചിത്രങ്ങളുടെ സിഡി, മയക്കുമരുന്ന്, പുലിത്തോല്‍ തുടങ്ങിയവയും ലഭിച്ചു. ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് ഇരുപതോളം സിഡികള്‍ കണ്ടെടുത്തു. പ്രായ പൂർത്തിയാകാത്തവർ ഉള്‍പ്പടെ നിരവധി സ്ത്രീകളെ സന്തോഷ് മാധവൻ ലൈംഗികമായ പീഡനത്തിന് വിധേയം ആക്കിയതായി സിഡി പരിശോധിച്ചതിലൂടെ പൊലീസിനു മനസിലായി. സ്ത്രീകളെ ഉപയോഗിച്ച് നീല ചിത്ര നിർമ്മാണം നടത്തുകയും ചെയ്തു. നായകൻ സന്തോഷ് മാധവൻ തന്നെ.
ആരോപണങ്ങളുയർന്നപ്പോള്‍ ചാനലുകളിലും മറ്റും വന്നിരുന്ന് താൻ നിരപരാധിയാണെന്നു വാദിക്കാനും ഇയാള്‍ക്കു മടിയുണ്ടായിരുന്നില്ല. എന്നാല്‍ റെയ്ഡില്‍ സിഡികളും മറ്റും പിടിച്ചതോടെ പണിപാളുകയായിരുന്നു. സന്തോഷ് മാധവൻ ഇന്റർപോള്‍ തിരയുന്ന കുറ്റവാളിയാണെന്ന വാർത്തകള്‍ വന്നതിന് പിന്നാലെ ഇയാള്‍ മിക്ക ചാനലുകളിലും എത്തി താൻ നിരപരാധി ആണെന്ന് വാദിച്ചു. തന്റെ വളർച്ചയില്‍ അസൂയ കൊണ്ടും, ജാതിയില്‍ താൻ ഈഴവൻ ആയതുകൊണ്ടും തനിക്കെതിരെ വാർത്ത കെട്ടിച്ചമയ്ക്കുകയാണെന്നും സന്തോഷ് മാധവൻ വാദിച്ചു. പീഡനക്കേസില്‍ 16 വർഷത്തെ കഠിനതടവാണ് സന്തോഷ് മാധവന് കോടതി വിധിച്ചത്. പിന്നീട് ഒരുകേസില്‍ കുറ്റവിമുക്തനാക്കി.
തന്റെ കപട ആത്മീയ പരിവേഷം കാട്ടി സമൂഹത്തിലെ ഉന്നതനിലയിലുള്ള സ്ത്രീകളെ പാട്ടിലാക്കി പണം തട്ടുകയായിരുന്നു സന്തോഷ് മാധവന്റെ മറ്റൊരു ഹോബി. തന്റെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ മലയാള സിനിമയിലെ മുൻ നായികയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്ന് ഇയാള്‍ വീമ്ബ് പറഞ്ഞ് നടന്നിരുന്നു. മാത്രമല്ല, സ്‌പൈ ക്യാമറയില്‍ പകർത്തുകയും ചെയ്തു.
ആദ്യ പടം ഹിറ്റാകുമെന്ന സന്തോഷിന്റെ പ്രവചനം ശരിയായതോടെയാണ് മുൻ നായികയ്ക്ക് ഇയാളെ വിശ്വാസമായത്. തന്റെ വിവാഹം തീരുമാനിച്ചതോടെ നടി രഹസ്യ ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്ന ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ നശിപ്പിക്കാൻ സന്തോഷ് മാധവൻ തയ്യാറായി.
ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കി ലാഭം വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി വനിതയെ കബളിപ്പിച്ച കേസാണ് സന്തോഷ് മാധവന് പാരയായത്. ദുബായില്‍ ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശിനി സെറാഫിൻ എഡ്വിന്റെ 50 ലക്ഷം രൂപ (നാലു ലക്ഷം ദിർഹം) തട്ടിയെടുത്തെന്നായിരുന്നു കേസ്.
സന്തോഷ് മാധവനു പുറമേ ഇയാളുടെ കൂട്ടാളി ദുബായിലെ ഡ്രൈവർ തിരുവനന്തപുരം കിളിമാനൂർ പഴയകുന്നേല്‍ തോപ്പില്‍ സെയ്ഫുദ്ദീനും കേസിലെ പ്രതിയായിരുന്നു. ജ്യോത്സ്യനെന്ന നിലയില്‍ വിശ്വാസം ആർജിച്ച ശേഷമായിരുന്നു തട്ടിപ്പ്. മുഖലക്ഷണം നോക്കി ഇപ്പോള്‍ ബിസിനസിനു പറ്റിയ സമയമാണെന്നു സെറാഫിനെ തെറ്റിദ്ധരിപ്പിച്ച സന്തോഷ് മാധവൻ, ദുബായിലെ ധേരയില്‍ അടഞ്ഞുകിടക്കുന്ന ‘ഫോർച്യുണ്‍’ ഹോട്ടല്‍ വാങ്ങി ബിസിനസ് നടത്തിയാല്‍ മികച്ച ലാഭമുണ്ടാവുമെന്നു പ്രവചിച്ചു.
ഹോട്ടല്‍ ബിസിനസിനു കരാർ ഉണ്ടാക്കിയ ശേഷം 2002 ഡിസംബർ ഒന്നിനും 2003 ജനുവരി നാലിനും 50,000 ദിർഹം വീതവും 2003 ജനുവരി ഏഴിന് 2.5 ലക്ഷം ദിർഹവും പിന്നീടു ഹോട്ടലിലെ വൈദ്യുതി, വെള്ളം എന്നിവയുടെ കുടിശിക തീർക്കാനെന്ന പേരില്‍ 50,000 ദിർഹവുമടക്കം നാലു ലക്ഷം ദിർഹമാണു പരാതിക്കാരി പ്രതികള്‍ക്കു നല്‍കിയത്. ദുബായില്‍ ഇലക്‌ട്രോ മെക്കാനിക്കല്‍ കമ്ബനി നടത്തിയിരുന്ന സെറാഫിൻ സന്തോഷ് മാധവനെതിരേ ഇന്റർപോളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.
ആത്മീയ പരിവേഷം ജയിലിലും സന്തോഷ് മാധവന് തുണയായി. ആദ്യം ജയിലിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പൂജാരിയായിട്ടായിരുന്നു നിയമനം. എന്നാല്‍ മറ്റ് അന്തേവാസികള്‍ എതിർത്തതോടെ, അവിടെ നിന്ന് മാറ്റി. പിന്നീട് ജയിലില്‍ ഡോക്ടറുടെ സഹായിയായി. ആ സമയത്ത് മരുന്ന് എടുത്തു കൊടുക്കുക, രോഗികളുടെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു സന്തോഷ് മാധവന്റെ ജോലികള്‍.
ഡോക്ടറുമായുള്ള സൗഹൃദം മുതലെടുത്ത് തനിക്ക് വൈരാഗ്യമുള്ളവർക്ക് ചികിത്സ നിഷേധിക്കുന്നത് സന്തോഷ് മാധവന്റെ പതിവു പരിപാടിയായിരുന്നു എന്നും കേട്ടിരുന്നു.
ഉച്ച കഴിഞ്ഞാല്‍ സന്തോഷ് മാധവൻ ഫ്രീ ആയിരുന്നു. ആ സമയത്തും ആശുപത്രി കംപ്യൂട്ടറില്‍ ജോലി തുടർന്നിരുന്നു. കാരണം, അതില്‍ ഇന്റർനെറ്റ് കണക്ഷൻ, പ്രിന്റർ സൗകര്യം എന്നിവയെല്ലാം ഉണ്ട്. ജയില്‍ കംപ്യൂട്ടർ ഉപയോഗിച്ചു നടത്തിയ ചില ഭൂമി ഇടപാടുകള്‍ ഇഡി പരിശോധിച്ചിരുന്നു. സർക്കാർ മിച്ചഭൂമി സന്തോഷ് മാധവന്റെ കമ്ബനിക്ക് വിട്ടുനല്‍കിയതിലും വിവാദങ്ങളുണ്ടായി. ഈ അടുത്ത കാലത്ത് ഈ ഭൂമി സർക്കാർ കണ്ടുകെട്ടിയിരുന്നു. ജയിലില്‍ നിരന്തരം പൂജകള്‍ ചെയ്യുന്നതായും ജയില്‍ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പൂജയ്ക്കായി സഹായങ്ങള്‍ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.