കസ്റ്റഡി മരണം ; ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ നരേന്ദ്രമോഡിക്കെതിരെ മൊഴിനൽകിയ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം

കസ്റ്റഡി മരണം ; ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ നരേന്ദ്രമോഡിക്കെതിരെ മൊഴിനൽകിയ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം

സ്വന്തം ലേഖകൻ

ജാംനഗർ: ഗുജറാത്ത് കൂട്ടക്കൊലക്കേസിൽ നരേന്ദ്ര മോഡിയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘത്തിനു മൊഴിനൽകിയതിലൂടെ ദേശീയ ശ്രദ്ധ നേടിയ സഞ്ജീവ് ഭട്ടിന് കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവുശിക്ഷ. ജാംനഗർ സെഷൻസ് കോടതിയാണ് 1990ൽ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ടിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനെ സർവീസിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.കേസിൽ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന ഭട്ടിന്റെ വാദം കഴിഞ്ഞയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. കേസിൽ ശരിയായ നീതി പ്രഖ്യാപിക്കുവാൻ ഈ സാക്ഷികളെ വിസ്തരിക്കുന്നത് നിർണ്ണായകമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കേസിലെ വിധി വരുന്നത് താമസിപ്പിക്കാനുള്ള മനപ്പൂർവ്വമുള്ള ശ്രമം എന്ന് പറഞ്ഞാണ് ഗുജറാത്ത് പോലീസ് ഈ ആവശ്യത്തെ എതിർത്തത്. 1990 ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജംജോധ്പൂർ പട്ടണത്തിൽ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 150 പേരിൽ 30 കാരനായ പ്രഭുദാസ് വൈഷ്ണാനി എന്നയാൾ പൊലീസ് മർദ്ദനത്തിടെ കൊല്ലപ്പെട്ടു എന്ന കേസിലാണ് വിധി വന്നത്. അന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ടിനെ 1996ലാണ് കേസിൽ പ്രതി ചേർത്തത്.കേസിൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ സിംഗ് ഛായെയും ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. കലാപം നടക്കുന്ന കാലത്ത് എഎസ്പി ആയിരുന്ന ഭട്ട് കലാപത്തിനിടയിൽ നൂറിലധികം പേരെ കസ്റ്റഡിയിൽ എടുത്തെന്നും ഇവരിൽ ഒരാൾ വിട്ടയച്ച ശേഷം ആശുപത്രിയിൽ കിടന്ന് മരണമടയുകയും ചെയ്തു. 2011 ൽ ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും അനുവാദം കൂടാതെ പോലീസ് വാഹനം ദുരുപയോഗം ചെയ്തെന്നും കാണിച്ച് സസ്പെന്റ് ചെയ്യുകയും 2015 ആഗസ്റ്റിൽ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.