വനംവകുപ്പ് ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ അനധികൃതമായി സൂക്ഷിച്ചത് ആറരകിലോ ചന്ദനമുട്ടി: ചന്ദനമുട്ടി പിടിച്ചെടുത്തത് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ

വനംവകുപ്പ് ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ അനധികൃതമായി സൂക്ഷിച്ചത് ആറരകിലോ ചന്ദനമുട്ടി: ചന്ദനമുട്ടി പിടിച്ചെടുത്തത് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ

സ്വന്തം ലേഖകൻ
കോട്ടയം: കേരള തമിഴ്‌നാട് അതിർത്തിയിലെ ചിന്നാൽ വനം വകുപ്പ് ചെക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച. ആറരകിലോ തൂക്കം വരുന്ന ചന്ദനമുട്ടി ചെക്ക് പോസ്റ്റിനു സമീപത്ത് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്‌സിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഇതിനു സമീപത്തു തന്നെയുള്ള എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഇൻസ്‌പെക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെയും എക്‌സൈസിന്റെയും ചിന്നാർ, ചെക്ക് പോസ്റ്റുകളിൽ ശനിയാഴ്ചയാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ചെക്ക് പോസ്റ്റുകളിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നതായി വിജിലൻസ് ഡയറക്ടർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ  അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച ചിന്നാർ ചെക്ക് പോസ്റ്റിൽ കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്.
ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ആദ്യം മുതൽ നടത്തിയ പരിശോധനയിൽ തന്നെ ക്രമക്കേടുകളുടെ മണമടിച്ചിരുന്നു. ഇവിടെ ക്യാഷ് രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും, ജീവനക്കാരുടെ കൈവശമുള്ള പണത്തിന്റെ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റിനോടു ചേർന്നുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ക്വാർട്ടേഴ്‌സിനുള്ളിൽ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ ചന്ദനമുട്ടികൾ ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാക്കിൽക്കെട്ടിയ നിലയിലാണ് ചന്ദനമുട്ടികൾ കണ്ടെത്തിയത്. ഇത് കണ്ടെത്തിയ വിജിലൻസ് സംഘം ഈ ചന്ദനമുട്ടികൾ പിടിച്ചെടുത്തു.
മറയൂരിൽ നിന്നും ചന്ദനമുട്ടികളുമായി കടന്നു വരുന്ന വാഹനങ്ങളിൽ നിന്നും പിടിച്ചെടുക്കുന്നതാണ് ഇവയെന്നാണ് വിജിലൻസ് സംഘത്തിന് ലഭിച്ച സൂചന. ഉദ്യോഗസ്ഥർക്കെതിരായ റിപ്പോർട്ട് തയ്യാറാക്കി വനം വകുപ്പിന് അയച്ചു നൽകും. ചന്ദനമുട്ടികൾ വിജിലൻസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ഈ ചന്ദനമുട്ടികൾ തിരുവോണദിവസം വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. ഓണത്തിന്റെ തിരക്കിട്ട ജോലികളായിരുന്നതിനാലാണ് ഇത് രേഖകളിൽപ്പെടുത്താൻ സാധിക്കാതെ പോയതെന്നും ഇവർ വിശദീകരിക്കുന്നു.
എക്‌സൈസിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവിടെ ഇൻസ്‌പെക്ടർ ഉണ്ടായിരുന്നില്ല. ഓഫിസിൽ അവധി രേഖപ്പെടുത്താതെ എക്‌സൈസ് ഇൻസ്‌പെക്ടർ മുങ്ങിയതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെയും റിപ്പോർട്ട് നൽകും. കോട്ടയം വിജിലൻസ് യൂണിറ്റ് ഇൻസ്‌പെക്ടർ റിജോ പി.ജോസഫ്, ഇടുക്കി യൂണിറ്റ് ഇൻസ്‌പെക്ടർ സദൻ, കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരായ വിനോദ് സുരേഷ്, സജി, ഇടുക്കി യൂണിറ്റ് അംഗങ്ങളായ ഡാനിയേൽ , സാമുവേൽ , സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും നടപടിയും.