സമ്പർക്കപട്ടികതയ്യാറാക്കലും കണ്ടെയ്‌ന്മെന്റ് സോൺ നിശ്ചയിക്കലും പോലീസിനെ ഏല്പിച്ചത് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടൂത്തും : കേരള എൻ ജി ഒ അസോസിയേഷൻ

സമ്പർക്കപട്ടികതയ്യാറാക്കലും കണ്ടെയ്‌ന്മെന്റ് സോൺ നിശ്ചയിക്കലും പോലീസിനെ ഏല്പിച്ചത് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടൂത്തും : കേരള എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ്‌നിയന്ത്രണ പ്രവർത്തനങ്ങളിൽ ഇത് വരെ അഹോരാത്രം കൈമെയ് മറന്നു പ്രവർത്തിച്ച ആരോഗ്യ വകുപ്പിനെ അവിശ്വസിച്ചു പോസിറ്റീവ് രോഗികളുടെ കോൺടാക്ട് ട്രെയ്സിംഗ്, കണ്ടെയ്‌ന്മെന്റ് സോൺ നിശ്ചയിക്കൽ, നിയന്ത്രണം തുടങ്ങിയവ പോലീസിനെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ വ്യാപകപ്രതിഷേധം.

കോവിഡ് ആരംഭഘട്ടം മുതൽ അവധി പോലുംഎടുക്കാതെ കൈമെയ് മറന്നു പണിയെടുത്ത ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ സ്തുത്യർഹമായ സേവനത്തെ ആദ്യ കാലങ്ങളിൽ വാനോളം പുകഴ്ത്തിയ സർക്കാർ ഇപ്പോൾ അവരെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുന്നതിലെ ചേതോവികാരം ആരോഗ്യ മേഖലയെ അത്ഭുതപെടുത്തിയിരിക്കുകയാണ്.

രോഗവ്യാപനം കൂടുന്നതിന്റെ ഉത്തരവാദിത്വംആരോഗ്യ പ്രവർത്തകരുടെ വീഴ്ചയായി ചിത്രീകരിച്ചു തലയൂരാനുള്ള ശ്രമമായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഫീൽഡ് തലബന്ധങ്ങളും, അംഗസംഖ്യയും തുലോം കുറവായ ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ഗ്രാഹ്യമില്ലാത്ത പോലീസ് തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിൽ ഈ ചുമതല കൂടി എങ്ങനെ നിറവേറ്റുമെന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട് .

പി.എച്ച്.സി. തലത്തിൽ ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവരുടെ മേൽ നോട്ടത്തിൽജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ആശ പ്രവർത്തകർ തുടങ്ങിയവർ ക്ലസ്റ്ററുകളിൽവീട് വീടാന്തരം സന്ദർശനവും, ടീം വർക്കും നടത്തിയാണ് നിലവിൽ പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളെ കുറ്റമറ്റ രീതിയിൽ കണ്ടെത്തുന്നത്.

ഈ പ്രവൃത്തി പോലീസിനെ ഏൽപ്പിക്കുന്നത് ഗുണകരമാകില്ല. ഈ കോൺടാക്ട്കളെ ലക്ഷണം അനുസരിച്ചു ഹൈറിസ്‌ക്, ലോറിസ്‌ക് എന്നിങ്ങനെ മുൻഗണന നിശ്ചയിച്ചു പരിശോധനക്ക് വിടാൻ സാങ്കേതിക പരിജ്ഞാനവും ആവശ്യമുണ്ട്. നിലവിൽ കുറ്റമറ്റ തരത്തിൽ നടന്നു വരുന്നപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കാനും, രോഗവ്യാപനംവർദ്ധിപ്പിക്കാനുമേ ഇപ്പോഴത്തെ തീരുമാനം ഉപകരിക്കുകയുള്ളൂ.

സമ്പർക്കപട്ടിക വിലയിരുത്തി കണ്ടെയ്‌ന് മെന്റ് സോൺ ആക്കുവാനുള്ള പ്രദേശങ്ങൾ മെഡിക്കൽ ഓഫീസർ കണ്ടെത്തി ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ. നൽകുന്ന ശുപാർശയിന്മേൽ ആണ് ജില്ലാ കളക്ടർമാർ ഇപ്പോൾ കണ്ടെയ്‌ന്മെന്റ് സോൺ പ്രഖ്യാപിക്കുന്നത്. ആ രീതിയിലും പുതിയ നിർദേശപ്രകാരം മാറ്റമുണ്ടാകും.

ആയതിനാൽ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം ഉത്തരവുകൾ റദ്ദു ചെയ്യണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു ജില്ലാ സെക്രട്ടറി ബോബിൻ വി പി എന്നിവർ ആവശ്യപ്പെട്ടു.