
ന്യൂഡല്‍ഹി: യുഎസിൽ ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
കുത്തേറ്റ ഉടനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച്
അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ കൈ ഞരമ്പും മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റതായാണ് വിവരം. നിലവിൽ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ലെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗതൗക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുമ്പോഴായിരുന്നു സംഭവം. അദ്ദേഹത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാൾ വേദിയിലേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു. കഴുത്തിലാണ് പരിക്കേറ്റത്. റുഷ്ദി നിലത്ത് വീണതോടെ അക്രമി പിൻവാങ്ങി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ റുഷ്ദിയെ സഹായിക്കാൻ ആളുകൾ ഓടിയെത്തുന്നത് കാണാം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







