play-sharp-fill
എന്റെ വഞ്ചിയില്‍ ദ്വാരങ്ങള്‍ വീണു; എനിക്ക് എത്ര കാലം തുഴയാൻ പറ്റും എന്നറിയില്ല: നടൻ സലീംകുമാര്‍

എന്റെ വഞ്ചിയില്‍ ദ്വാരങ്ങള്‍ വീണു; എനിക്ക് എത്ര കാലം തുഴയാൻ പറ്റും എന്നറിയില്ല: നടൻ സലീംകുമാര്‍

കൊച്ചി: മലയാളികള്‍ക്ക് എന്നും അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ താരമാണ് സലീംകുമാർ. മിമിക്രി വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ അദ്ദേഹത്തെ തേടി ഒരു ഘട്ടം വരേയും എത്തിയത് കോമഡി കഥാപാത്രങ്ങളായിരുന്നു.
തന്നെ തേടിയെത്തിയ ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മലയാളികള്‍ എക്കാലത്തും ഓർക്കും വിധം അദ്ദേഹം അവിസ്മരണീയമാക്കി.

ലാല്‍ ജോസ് സംവിധാന ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് സലീംകൂമാറിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത തലങ്ങള്‍ പ്രേക്ഷകർ കാണുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

അഞ്ച് വർഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ സലിം അഹമ്മദ് ചിത്രം ആദാമിന്റെ മകന്‍ അബുവിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മാത്രമല്ല, ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലീംകുമാറിന്റെ 55-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. അടുത്ത കാലത്തായി ചില അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം തരണം ചെയ്തുകൊണ്ട് മുന്നേറുകയാണ് അദ്ദേഹം. ജന്മദിനത്തില്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്.

ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞെന്നും അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം എന്നൊക്കെയാണ് അദ്ദേഹം കുറിക്കുന്നത്. വളരെ വികാരഭരമായി തന്നെയാണ് പ്രേക്ഷകർ ഈ കുറിപ്പിന് മറുപടി നല്‍കുന്നതും. സലീംകുമാറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നല്‍കിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി.

ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു.

എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്‌എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം.സ്നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ