play-sharp-fill
മത്സ്യത്തൊഴിലാളി സജീവൻ്റെ ആത്മഹത്യ:  ഭൂമി തരംമാറ്റാന്‍ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തതിനെ തുടർന്ന്; ആര്‍.ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍; നരഹത്യക്ക് കേസെടുക്കണമെന്ന് കുടുംബം; സസ്​പെന്‍ഷന്‍ നടപടിയില്‍ അമര്‍ഷവുമായി ജീവനക്കാര്‍

മത്സ്യത്തൊഴിലാളി സജീവൻ്റെ ആത്മഹത്യ: ഭൂമി തരംമാറ്റാന്‍ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തതിനെ തുടർന്ന്; ആര്‍.ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍; നരഹത്യക്ക് കേസെടുക്കണമെന്ന് കുടുംബം; സസ്​പെന്‍ഷന്‍ നടപടിയില്‍ അമര്‍ഷവുമായി ജീവനക്കാര്‍

സ്വന്തം ലേഖിക

മട്ടാഞ്ചേരി: മത്സ്യത്തൊഴിലാളിയായ പറവൂര്‍ മുത്തകുന്നത്ത്​ സജീവന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി ആര്‍.ഡി ഓഫീസിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്​പെന്‍ഷൻ.

ആര്‍.ഡി ഓഫിസില്‍ നേരത്തേ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ഷനോജ് കുമാര്‍, സീനിയര്‍ ക്ലര്‍ക്കായിരുന്ന സി.ജെ. ഡെല്‍മ, സീനിയര്‍ ക്ലര്‍ക്ക് ഒ.ബി. അഭിലാഷ്, സെക്​ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ് ലം, മുന്‍ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് കെ.സി. നിഷ, മുന്‍ എല്‍.ഡി ടൈപ്പിസ്റ്റ് ടി.കെ. ഷമീം എന്നിവരെയാണ് സസ്പെന്‍ഡ്​ ചെയ്ത​ത്. ലാന്‍ഡ്​ റവന്യൂ ജോയിന്‍റ്​ കമ്മീഷണര്‍ ജെറോമിക് ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ടി‍ൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമി തരംമാറ്റാന്‍ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തതിനെ തുടര്‍ന്നാണ് സജീവൻ ആത്മഹത്യ ചെയ്തത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് സജീവൻ്റെ കുടുംബം ആവശ്യപ്പെട്ടു. ഫയല്‍ പൂഴ്ത്തിവെച്ചതിന് മാത്രമാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും കുടുംബം പറഞ്ഞു.

ഉ​ദ്യോഗസ്ഥരെ സസ്​പെന്‍ഡ്​ ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം ഉയരുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് തികച്ചും ബാലിശവും ജീവനക്കാരെ ബലിയാടാക്കുന്നതുമാണെന്നാണ് ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.

നിയമത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുന്നതില്‍വന്ന കാലതാമസത്തിന് ജീവനക്കാരുടെ തലയില്‍ കുറ്റം കെട്ടിവെക്കുകയാണെന്നും ഇവര്‍ പറയുന്നു. 25 സെന്റില്‍ താഴെയുള്ളവര്‍ക്ക് സൗജന്യമായി ഭൂമി തരംമാറ്റാം എന്ന് പറയുകയും നേരത്തേയുള്ള അപേക്ഷക്ക് ബാധകമല്ലായെന്ന് കാണിക്കുകയും ചെയ്തതുമൂലം പല അപേക്ഷകളും പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ടെന്നും സജീവന്റെ അപേക്ഷയില്‍ പണം അടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നതാണെന്നുമാണ് പറയുന്നത്.

മാത്രമല്ല ഇത്തരം ഒരുത്തരവ് ഇറക്കുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരുടെയും സാങ്കേതിക ഉപകരണങ്ങളുടെയും അഭാവം വലിയ പ്രശ്നമാണെന്നും ചൂണ്ടിക്കാണിക്കുന്നു.ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ ഭാഗം കാണാതെയുള്ള ശിക്ഷണ നടപടിയാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

ഇതിനെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാന്‍ ജീവനക്കാര്‍ തയാറെടുക്കുകയാണെന്നും സൂചനയുണ്ട്.