play-sharp-fill
സേഫ് സ്‌കൂള്‍ ബസ്…..! ബസ് ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ ജോലിപരിചയം; യൂണിഫോം നിർബന്ധം; കുട്ടികളെ നിര്‍ത്തിയുള്ള യാത്രവേണ്ട; ഒരു അധ്യാപകനെങ്കിലും വേണം; സ്കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്

സേഫ് സ്‌കൂള്‍ ബസ്…..! ബസ് ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ ജോലിപരിചയം; യൂണിഫോം നിർബന്ധം; കുട്ടികളെ നിര്‍ത്തിയുള്ള യാത്രവേണ്ട; ഒരു അധ്യാപകനെങ്കിലും വേണം; സ്കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സ്കൂള്‍ബസുകളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കി.

‘സേഫ് സ്കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജി.പി.എസ്. എന്നിവയാണ് പ്രധാനമായും നോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസുകള്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോള്‍ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കംചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാന്‍ ഇടവേളകളില്‍ പരിശോധന നടത്തും.

ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്കൂള്‍വാഹനവും നിരത്തിലിറക്കാന്‍ അനുവദിക്കില്ല.

പുതുക്കിയ മാര്‍ഗരേഖ

ബസ് ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ ജോലിപരിചയമുണ്ടാകണം.
ഹെവി വാഹനമാണെങ്കില്‍ അത്തരം വാഹനം ഓടിക്കുന്നതില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം മതി.
ബസുകളില്‍ യൂണിഫോമായി വെള്ള ഉടുപ്പും കറുത്ത പാന്റ്സും തിരിച്ചറിയല്‍കാര്‍ഡും ധരിക്കണം.
കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കണം.
പരമാവധി 50 കിലോമീറ്റര്‍ വേഗമേ പാടുള്ളൂ.
മദ്യപിച്ച്‌ വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍കേസുകളില്‍പ്പെട്ടരും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുമാകാന്‍ പാടില്ല.
വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്ന് വ്യക്തമായി എഴുതണം.
സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളില്‍ ‘ഓണ്‍ സ്കൂള്‍ ഡ്യൂട്ടി’ എന്നെഴുതണം.
ഫിറ്റ്നസ് പരിശോധന നടത്തിയതിന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം.
എല്ലാ വാതിലിലും സഹായിവേണം. കയറാനും ഇറങ്ങാനും കുഞ്ഞുങ്ങളെ സഹായിക്കണം.
സീറ്റെണ്ണത്തില്‍ അധികമായി കുട്ടികളെ നിര്‍ത്തിക്കൊണ്ടുപോകാന്‍ പാടില്ല.
12 വയസ്സുകഴിയാത്ത കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരുത്താം.
ഓരോ ട്രിപ്പിലും വാഹനത്തിലുള്ള കുട്ടികളുടെ പേരുവിവരം എഴുതിയ രജിസ്റ്റര്‍ സൂക്ഷിക്കണം.
വാതിലുകള്‍ക്ക് പൂട്ടും ജനലുകള്‍ക്ക് ഷട്ടറുമുണ്ടാകണം. കൂളിങ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല.