
ലണ്ടൻ: ഭാര്യമാരെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പരപുരുഷന്‍മാര്‍ക്ക് ലൈംഗിക വേഴ്ചയ്ക്ക് വിട്ടുനല്‍കുകയും അതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈൻ സൈറ്റുകള്‍ക്കും മറ്റും വില്‍ക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനല്‍ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു.
വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഈ സംഘം എൻക്രിപ്റ്റഡ് ഓണ്‍ലൈൻ ചാറ്റ് ഗ്രൂപ്പുകളിലൂടെയാണ് രഹസ്യമായി പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഏഴ് രാജ്യങ്ങളില്‍ ഒരേസമയം നടത്തിയ വ്യാപക പരിശോധനകള്‍ക്കൊടുവിലാണ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. യൂറോപോളും ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജൻസിയും (NCA) സംയുക്തമായാണ് അന്വേഷണം നടത്തിയത്.
സ്ത്രീകളെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് അതിക്രമങ്ങള്‍ നടന്നിരുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍. സ്വന്തം ഭാര്യമാരെയോ പങ്കാളികളെയോ ഇരകളാക്കുന്നതായിരുന്നു സംഘത്തിന്റെ പ്രധാന രീതി. ചില കേസുകളില്‍ ഭർത്താക്കന്മാർ തന്നെ മയക്കത്തിലായ ഭാര്യമാരെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തി വിറ്റിരുന്നു. മറ്റുചില സംഭവങ്ങളില്‍, മയക്കത്തിലായ സ്ത്രീകളെ മറ്റ് പുരുഷന്മാർക്ക് ലൈംഗികാതിക്രമത്തിനായി വിട്ടുനല്‍കുകയും ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിക്രമങ്ങള്‍ ആസൂത്രണം ചെയ്യാനും മയക്കുമരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനും പീഡനദൃശ്യങ്ങള്‍ പരസ്പരം പങ്കുവെക്കാനും പ്രതികള്‍ പ്രത്യേക ഓണ്‍ലൈൻ ചാറ്റ് ഗ്രൂപ്പുകളാണ് ഉപയോഗിച്ചിരുന്നത്. ചിലർ ഇത്തരം ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെ തല്‍സമയം പ്രക്ഷേപണം ചെയ്തതായും അന്വേഷണ ഏജൻസികള്‍ പറയുന്നു. സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളിലൂടെയും ഈ വീഡിയോകള്‍ പ്രചരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്നുവെന്നാണ് കണ്ടെത്തല്‍.







