‘ആ കളി ഞാൻ തോൽക്കാൻ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി സച്ചിൻ

‘ആ കളി ഞാൻ തോൽക്കാൻ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി സച്ചിൻ

സ്വന്തംലേഖകൻ

കോട്ടയം : താൻ തോൽക്കാനാഗ്രഹിച്ച് കളിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സച്ചിൻ തെണ്ടുൽക്കർ. ജ്യേഷ്ഠൻ അജിത് തെണ്ടുൽക്കറിനെതിരെ കളിക്കുമ്പോഴാണ് താൻ തോൽക്കാൻ ആഗ്രഹിച്ചതെന്നാണ് സച്ചിൻ്റെ വെളിപ്പെടുത്തൽ. ബാന്ദ്രയിലെ എം.ഐ.ജി ക്രിക്കറ്റ് ക്ലബില്‍ തന്റെ പേരിലുള്ള പവലിയൻ ഉദ്ഘാടന വേളയിലായിരുന്നു സച്ചിൻ്റെ വെളിപ്പെടുത്തൽ. ‘ഞാന്‍ ഇതുവരെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. വളരെ മുന്‍പത്തെ കഥയാണ്. അന്ന് ഞാന്‍ അന്താരാഷ്ട്ര മത്സരങ്ങളോ രഞ്ജി ട്രോഫിയോ ഒന്നും കളിച്ചു തുടങ്ങിയിട്ടുണ്‌ടോ എന്ന് ഓര്‍മയില്ല. എന്തായാലും നന്നായി കളിക്കുന്ന കാലമായിരുന്നു. എന്റെ ഗ്രാഫ് പതുക്കെ മുകളിലേയ്ക്ക് ഉയരുന്ന കാലമായിരുന്നു. എം.ഐ.ജിയില്‍ അന്നൊരു സിംഗിള്‍ വിക്കറ്റ് ടൂര്‍ണമെന്റ് ഉണ്ടായിരുന്നു. ഞാനും അജിത്തും ആ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. ഞങ്ങള്‍ രണ്ടാളും രണ്ട് പൂളുകളിലായിരുന്നു. രണ്ടുപേരും അതാത് പൂളുകളില്‍ ജയിച്ച് മുന്നേറുകയും ചെയ്തു. സെമിയിലാണ് ഞങ്ങള്‍ക്ക് പരസ്പരം കളിക്കേണ്ടിവന്നത്. ഒരുപക്ഷേ അന്നായിരിക്കാം ഞങ്ങള്‍ ആദ്യമായി പരസ്പരം ഏറ്റുമുട്ടുന്നത്. ബംഗാള്‍ ക്രിക്കറ്റ് ക്ലബില്‍ ഞങ്ങള്‍ കളിച്ചിരുന്നെങ്കിലും അത് എതിര്‍ ടീമുകളിലായിരുന്നില്ല. എനിക്ക് ബൗളറുടെ ശരീരഭാഷ നന്നായ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അജിത്തിന് ആ മത്സരം ജയിക്കണമെന്നേ ഉണ്ടായിരുന്നില്ല. എന്റെയും അവസ്ഥ അതുതന്നെയായിരുന്നു.അജിത്ത് ബൗള്‍ ചെയ്യുന്നതു പോലെയാണ് ഞാന്‍ ബാറ്റ് ചെയ്തതും. അജിത് നോബോളുകളും വൈഡുകളും എറിഞ്ഞുകൊണ്ടിരുന്നു. ഞാന്‍ എല്ലാ പന്തുകളും ഡിഫന്‍ഡ് ചെയ്യുകയായിരുന്‌നു. സിംഗിള്‍ വിക്കറ്റ് ക്രിക്കറ്റില്‍ അങ്ങനെയൊരു പതിവില്ല. പിന്നെ അജിത്ത് തന്നെയാണ് എന്നോട് നന്നായി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ചേട്ടന്മാര്‍ പറയുകയും നമ്മള്‍ അനുസരിക്കുകയുമാണല്ലോ ചെയ്യുക. ഞാനും അതു തന്നെ ചെയ്തു. ഞാന്‍ ജയിച്ചില്ല. അജിത്ത് തോല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ രണ്ടുപേരും ഒരേഫലമായിരുന്നു ആഗ്രഹിച്ചത്. നിര്‍ഭാഗ്. വശാല്‍ വിജയം എനിക്കൊപ്പമായിരുന്നു. ഞാന്‍ ഫൈനലിലെത്തി.’ സച്ചിന്‍ പറഞ്ഞു. സച്ചിൻ്റെ ക്രിക്കറ്റ് കരിയറിൽ അദ്ദേഹം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ജ്യേഷ്ഠൻ അജിത് തെണ്ടുൽക്കറോടാണ്. തന്റെ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളെന്നു ചേട്ടനെപ്പറ്റി പലവട്ടം, പല സമയങ്ങളിൽ സച്ചിൻ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.