play-sharp-fill
ശബരിമല തീര്‍ഥാടനം: ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ചു; പത്തനംതിട്ട ജില്ലയുടെ മാതൃകയില്‍ ഇടുക്കി, കോട്ടയം ജില്ലകളിലും സാധനങ്ങളുടെ വില  നിശ്ചയിക്കും

ശബരിമല തീര്‍ഥാടനം: ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ചു; പത്തനംതിട്ട ജില്ലയുടെ മാതൃകയില്‍ ഇടുക്കി, കോട്ടയം ജില്ലകളിലും സാധനങ്ങളുടെ വില നിശ്ചയിക്കും

സ്വന്തം ലേഖിക

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക്‌ ഉത്സവവുമായി ബന്ധപ്പെട്ട്‌ പത്തനംതിട്ട ജില്ലയില്‍ വ്യാപാര സ്‌ഥാപനങ്ങളിലെയും റെസ്‌റ്റോറന്റുകളിലെയും ഉത്‌പന്നങ്ങളുടെ വില നിശ്‌ചയിച്ചു.

ഇത്തവണ ജ്യൂസ്‌, ബേക്കറി ഉത്‌പന്നങ്ങളടക്കം 40 ഇനം ഭക്ഷ്യവസ്‌തുക്കളുടെ വില നിശ്‌ചയിച്ചിട്ടുണ്ട്‌. സന്നിധാനം, പമ്പ, പമ്പയ്‌ക്കു പുറത്തുള്ള പ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ്‌ ഇത്തവണ വില നിശ്‌ചയിച്ചിട്ടുള്ളത്‌.
പത്തനംതിട്ട ജില്ലയുടെ മാതൃകയില്‍ ഇടുക്കി, കോട്ടയം ജില്ലകളിലും സാധനങ്ങളുടെ വില കൃത്യമായി നിശ്ചയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളിലൂടെയും റെസ്‌റ്റോറന്റുകളിലും വ്യാപാര, വ്യവസായ സ്‌ഥാപനങ്ങളിലും ബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ തീര്‍ഥാടകരില്‍ വിലയെക്കുറിച്ച്‌ അവബോധം സൃഷ്‌ടിക്കും. മലയാളത്തിനു പുറമേ തമിഴ്‌, കന്നട, തെലുങ്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിലും ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ അവലോകനയോഗത്തില്‍ തീരുമാനിച്ചു.

ഓരോ ജില്ലകളിലും സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തും. കൃത്യമായ ഇടവേളകളില്‍ കര്‍ശന പരിശോധനകള്‍ നടത്തും. വില കൂട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട്‌ പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ലീഗല്‍ മെട്രോളജി ഉദ്യോഗസ്‌ഥരും സ്‌ക്വാഡില്‍ അംഗങ്ങളായിരിക്കും.
പത്തനംതിട്ടയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക്‌ ഭക്ഷണം സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ അത്‌ അറിയിക്കുന്നതിനായി ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‌ ഒപ്പം ഒരു ഉദ്യോഗസ്‌ഥനെ കൂടി നിയോഗിക്കും. കോന്നിയിലും റാന്നിയിലും സുഭിക്ഷ ഹോട്ടലുകളുടെ പ്രവര്‍ത്തനം ശക്‌തിപ്പെടുത്തും.

കൊല്ലം ജില്ലയിലെ പുനലൂര്‍ ഇടത്താവളത്തിലെ സുഭിക്ഷ ഹോട്ടല്‍ തീര്‍ഥാടന ദിവസത്തോടനുബന്ധിച്ച്‌ തുറന്നു കൊടുക്കും.
ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കോട്ടയം ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉന്നത റവന്യൂ ഉദ്യോഗസ്‌ഥരും ജില്ല-താലൂക്ക്‌ സൈപ്ല ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.