ശബരിമല സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ പ്രമുഖ തെയ്യം കലാകാരൻ ഹൃദയാഘാതം മൂലം മരിച്ചു; അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല
പമ്പ: ശബരിമല സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ പ്രമുഖ തെയ്യം കലാകാരൻ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി സ്വദേശി പൂക്കാട് പാണന്റെ വളപ്പിൽ മുരളീധരൻ ചേമഞ്ചേരിയാണ് (48) ഇന്നലെ രാവിലെ മരിച്ചത്. അപ്പാച്ചിമേട്ടിൽ ഇദ്ദേഹം കുഴഞ്ഞുവീണതിനെ തുടർന്ന് പമ്പയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിവിധ ജില്ലകളില്‍ നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലുമെല്ലാം തിറയാട്ടമവതരിപ്പിച്ച് ശ്രദ്ധേയനായി. നാടോടി, ക്ലാസിക്കൽ കലകൾക്ക് പുറമേ താളവാദ്യങ്ങളിലും മികവ് പുലർത്തി. 2010ല്‍ എല്ലാ സംഗീതോപകരണങ്ങളുടെയും നാടന്‍ പാട്ടുകളുടെയും തെയ്യത്തിന്റെയും സമന്വയം അദ്ദേഹം ഏകോപിപ്പിച്ച് അവതരിപ്പിച്ചത് വലിയ ശ്രദ്ധനേടി.
1974 മെയ് 21ന് ജനിച്ച അദ്ദേഹം കഴിഞ്ഞ 37 വര്‍ഷമായി കലാരംഗത്ത് സജീവമാണ്. ബഹുമുഖ പ്രതിഭയായ മുരളീധരൻ മലബാറിലെ അറിയപ്പെടുന്ന തെയ്യം, കെട്ടിയാട്ടം, തിറയാട്ടം കലാകാരനായിരുന്നു. അച്ഛന് പരേതനായ പറമ്പില്‍ നാണു അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു. അച്ഛനും ഇളയച്ഛന് ശ്രീധരനുമാണ് തെയ്യത്തിന്റെ ബാലപാഠങ്ങള്‍ മുരളീധരന് പകര്‍ന്നു നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ കലാപ്രതിഭ പുരസ്കാരം, മുംബൈ മലയാളി സമാജത്തിന്റെ കലാപ്രതിഭ പുരസ്കാരം, റോട്ടറി രാമായണ പാരായണ കലാരത്നം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അമ്മ: ശാന്ത. ഭാര്യ ലജിത ഫാഷന്‍ ഡിസൈനിങ് രംഗത്തും തെയ്യങ്ങൾക്കുള്ള ആടയാഭരണ നിർമാണത്തിലും സജീവമാണ്. മകൾ വേദലക്ഷ്മിയും കലാകാരിയാണ്. കൊവിഡ് കാലഘട്ടത്തില്‍ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ വരികള്‍ വേദ ലക്ഷ്മിയിലൂടെ ഓട്ടന്തുളളലായി മുരളീധരൻ അവതരിപ്പിച്ചിരുന്നു.