play-sharp-fill
നിയന്ത്രണങ്ങളിൽ തകർന്നടിഞ്ഞ് ശബരിമല, നട തുറന്നിട്ട് ഒരാഴ്ചയാകുമ്പോൾ വരുമാനം മൂന്നിലൊന്നിലും താഴെ. ദേവസ്വം ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത് കണ്ടറിയണം, പോലീസ് സന്നാഹത്തിനുമാത്രം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടിയോളം നൽകേണ്ടിവരും.

നിയന്ത്രണങ്ങളിൽ തകർന്നടിഞ്ഞ് ശബരിമല, നട തുറന്നിട്ട് ഒരാഴ്ചയാകുമ്പോൾ വരുമാനം മൂന്നിലൊന്നിലും താഴെ. ദേവസ്വം ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത് കണ്ടറിയണം, പോലീസ് സന്നാഹത്തിനുമാത്രം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടിയോളം നൽകേണ്ടിവരും.

സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിലെ വരുമാനം മൂന്നിൽ ഒന്നിനും താഴെയായി. ഇന്നലെ വരെയുള്ള ആകെ വരുമാനം 1.10 കോടി. കഴിഞ്ഞവർഷം ഇതേ ദിവസം 3.73 കോടി രൂപയായിരുന്നു. വരുമാനം കുത്തനെ കുറഞ്ഞതിനെ തുടർന്നു പുറത്തറിയിക്കരുതെന്നു ദേവസ്വം ഉദ്യോഗസ്ഥർക്ക് ബോർഡ് കർശന നിർദ്ദേശം നൽകിയിരിക്കെ വരുമാനത്തിന്റെ കോപ്പി തേർഡ് ഐ ന്യൂസിനു ലഭിച്ചു. നിരോധനാജ്ഞയും ശരണംവിളിക്കുന്നവർക്കെതിരെ പൊലീസ് എടുക്കുന്ന കേസുകളും തീർഥാടകരുടെ വരവിൽ വലിയ കുറവുണ്ടാക്കി. ഇതാണു ദേവസ്വം ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. വിവാദങ്ങളും വിലക്കുകളും നിയന്ത്രണങ്ങളും കാരണം ഈ സീസണിൽ ശബരിമലയിൽ വരവിനേക്കാൾ കൂടുതൽ ചെലവായിരിക്കുമെന്നു കണക്കുകൾ.
അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഉണ്ടായ കുറവും, കാണിക്കയിൽ ഉണ്ടായ കുറവിനും പുറമേ കച്ചവടക്കാർ കടകൾ ലേലം പിടിക്കുന്നതിൽനിന്നു പിൻമാറിയതും ശബരിമലയിലെ വരുമാനത്തിനു വൻതിരിച്ചടിയായി. കഴിഞ്ഞവർഷം ഈ സീസണിൽ വരുമാനം 255 കോടി രൂപയും ചെലവ് 80 കോടിയോളം രൂപയുമായിരുന്നു.
ദേവസ്വം ബോർഡിനു കീഴിലുള്ള 1208 ഓളം ക്ഷേത്രങ്ങളിൽ ലാഭകരമായി പ്രവർത്തിക്കുന്നത് 100 ഓളം ക്ഷേത്രങ്ങൾ മാത്രമാണ്. ബാക്കി ക്ഷേത്രങ്ങളിലെ ദൈനംദിന കാര്യങ്ങൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനും ശബരിമലയിലെ വരുമാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തവണ വരുമാനം കുത്തനെ ഇടിഞ്ഞതും ചെലവ് ഇരട്ടിയായതും തിരിച്ചടിയായി. പോലീസ് സന്നാഹത്തിനുമാത്രം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി ചെലവാകും.

ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്കുളള ഡി.എ. ദേവസ്വം ബോർഡാണ് നൽകുന്നത്. ഇത്തവണ ഒരു ദിവസം പതിനയ്യായിരത്തോളം പോലീസുകാരാണ് ശബരിമല ഡ്യൂട്ടിക്കുളളത്. ഇവരുടെ ഡി.എ. ഒരാൾക്ക് 400 രൂപ മുതലാണ്. റാങ്ക് അനുസരിച്ച് ഡി.എ. കൂടും. ദേവസ്വം ബോർഡിന്റെ കീഴിൽ ശാന്തിക്കാർ ഉൾപ്പടെ അയ്യായിരത്തോളം ജീവനക്കാരാണുളളത്. ഇവർക്ക് ശമ്പളത്തിനും പെൻഷനുമായി ഒരു മാസം 30 കോടി രൂപയോളം രൂപ വേണ്ടി വരും. ഈ തുക കണ്ടെത്തുന്നതും പ്രധാനമായും ശബരിമലയിൽനിന്നുലഭിക്കുന്ന വരുമാനമാണ്.
ലേലം കൊളളുന്നതിൽ നിന്നും കച്ചവടക്കാർ പിൻമാറിയതാണ് ശബരിമല വരുമാനത്തിൽ നേരിട്ട മറ്റൊരു പ്രതിസന്ധി. ലേലത്തുകയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 35 ശതമാനം വരെ കുറവ് വരുത്താൻ ബോർഡ് തയാറായിട്ടും കച്ചവടക്കാർ പിൻവലിഞ്ഞു നിൽക്കുകയാണ്. ലേലം പിടിച്ചവരും പിൻവാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇന്നലെ വരെയുള്ള അരവണ വിറ്റുവരവ് 40.99 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷം ഇതേ സ്ഥാനത്ത്1.61 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ച സ്ഥാനത്താണിത്. അപ്പം വിറ്റുവരവ്4.43 ലക്ഷമാണ്. കഴിഞ്ഞ വർഷം 30.14 ലക്ഷം കിട്ടിയ സ്ഥാനത്താണിത്. ഋകാണിക്ക ഇനത്തിലും വലിയ ഇടിവ് ഉണ്ടായി.ഇന്നലെ വരെയുളള കാണിക്ക ഇനത്തിൽ 53,88 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇതേ സ്ഥാനത്ത് 1.39 കോടി രൂപ ലഭിച്ചിരുന്നു. മുറിവാടകയിലൂടെയുള്ള വരുമാനം 2.45 ലക്ഷമാണ്. കഴിഞ്ഞ വർഷം 7.54 ലക്ഷം കിട്ടിയ സ്ഥാനത്താണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group