play-sharp-fill
ശബരിമല വനത്തില്‍നിന്ന്​ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം തിരികെ പോകാത്തത് ജനങ്ങള്‍ക്ക്​ ഭീഷണിയാവുന്നു; ആനക്കൂട്ടത്തെ തിരികെ അയയ്ക്കാനുള്ള വനപാലകരുടെ ശ്രമങ്ങളെല്ലാം വിഫലം;  ഭീതിയിൽ ഒരു ​ഗ്രാമം

ശബരിമല വനത്തില്‍നിന്ന്​ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം തിരികെ പോകാത്തത് ജനങ്ങള്‍ക്ക്​ ഭീഷണിയാവുന്നു; ആനക്കൂട്ടത്തെ തിരികെ അയയ്ക്കാനുള്ള വനപാലകരുടെ ശ്രമങ്ങളെല്ലാം വിഫലം; ഭീതിയിൽ ഒരു ​ഗ്രാമം

സ്വന്തം ലേഖകൻ
മുണ്ടക്കയം ​: ശബരിമല വനത്തില്‍നിന്ന്​ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം തിരികെ പോകാത്തത് ജനങ്ങള്‍ക്ക്​ ഭീഷണിയാവുന്നു. ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ ടി.ആര്‍ ആന്‍ഡ് ടി എസ്​റ്റേറ്റിന്​ സമീപത്തെ ചെന്നാപ്പാറ ഇ.ഡി.കെ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്കാണ് കാട്ടാനക്കൂട്ടം ഭീഷണിയാകുന്നത്.

മേഖലയിലെ എസ്​റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ മുറ്റത്തുവരെ ആനകള്‍ എത്തി. രാവും പകലും വ്യത്യാസമില്ലാതെ ആനകള്‍ നാട്ടില്‍ വിലസുകയാണ്. പുലര്‍ച്ച ടാപ്പിങ് ജോലിക്ക് പോകാനാവാത്ത സാഹചര്യമാണ്. വീടിനുസമീപത്തെ കുറച്ച്‌ സ്ഥലങ്ങളിലായി തൊഴിലാളികള്‍ കൃഷി ചെയ്തിരുന്ന വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിക്കുന്നതും പതിവാണ്​.

കുറച്ചുനാളായി കാട്ടാനകള്‍ കൃഷികള്‍ നശിപ്പിച്ചും നാട്ടുകാരെ ഭയപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയാണ്. 2020 ഡിസംബറിലാണ് എട്ട് ആന ഉള്ള സംഘം ശബരിമല വനത്തില്‍നിന്ന്​ ഇറങ്ങി അതിര്‍ത്തിഗ്രാമങ്ങളില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെനിന്ന്​ പനക്കച്ചിറ, ഇ.ഡി.കെ, കടമാന്‍കുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓരോ ദിവസവും ആനകള്‍ എത്തിയത് ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. വനത്തിനുള്ളിലേക്ക് ആനകളെ ഓടിക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും ആനകള്‍ വീണ്ടും എത്തുകയാണ് പതിവ്.

ആനകളുടെ ശല്യമുള്ള പ്രദേശങ്ങളില്‍ വനപാലകര്‍ വെടിശബ്​ദം ഉണ്ടാക്കി ആനകള്‍ നാട്ടിലേക്ക് ഇറങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നു​ണ്ടെങ്കിലും കാടുകയറാന്‍ ആനക്കൂട്ടം തയാറായിട്ടില്ല.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മടുക്ക, പനക്കച്ചിറ പ്രദേശത്ത് ആനകള്‍ ഇറങ്ങിയപ്പോള്‍ തുടങ്ങിയ വനപാലകരുടെ ഓട്ടം ഇപ്പോഴും തുടരുകയാണ്. ആനകളെ വനത്തിലേക്ക് തിരികെ കയറ്റാന്‍ ശ്രമം നടത്തിവരുകയാണ്. ചെന്നാപ്പാറ, ഇ.ഡി.കെ പ്രദേശങ്ങളില്‍ നാടിന് ഭീഷണിയായ ആനക്കൂട്ടം കാരണം സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്കും ഭയമാണ്.