പമ്പയില്‍ 19.3 ലക്ഷം രൂപ ചെലവാക്കി നിര്‍മിച്ച പാലം തകര്‍ന്നു; കഴിഞ്ഞ മാസം ഉദ്ഘാടനം നടത്തിയ പാലമാണ് കനത്ത മഴയില്‍ പൊട്ടി തകർന്നത്
സ്വന്തം ലേഖകൻ
ശബരിമല: പമ്പയില്‍ ഞുണങ്ങാറിന് കുറുകെ 19.3 ലക്ഷം രൂപ ചെലവാക്കി അടുത്തകാലത്തു നിര്‍മിച്ച പാലം കനത്ത മഴയില്‍ തകര്‍ന്നു.
ഞായറാഴ്‌ച രാത്രിയിലെ ശക്‌തമായ മഴയെത്തുടര്‍ന്നാണ് പാലം തകര്‍ന്നത്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പ ത്രിവേണിയില്‍ ഞുണങ്ങാറിന് കുറുകെ ജലസേചന വകുപ്പ് നിര്‍മിച്ച പാലമായിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നാലിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപനാണ് പാലം ഉദ്‌ഘാടനം ചെയ്‌തത്.
20 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്.10 മുതല്‍ 15 വരെ ടണ്‍ സംഭരണ ശേഷിയുള്ള ട്രാക്‌ടറുകള്‍ കടന്നുപോകാന്‍ പാകത്തിലാണ് പാലം നിര്‍മ്മിച്ചത്.
പുഴയിലെ വെള്ളം കടന്നുപോകാന്‍ രണ്ട് പാളികളായാണ് 24 പൈപ്പുകള്‍ സ്‌ഥാപിച്ചിരുന്നത്.
പാലത്തിന്റെ രണ്ട് വശത്തും തെങ്ങിന്‍ കുറ്റി പൈല്‍ ചെയ്‌ത്, വെള്ളപ്പാച്ചിലില്‍ പാലം മറിഞ്ഞുപോകാത്ത വിധം കൂടുതല്‍ ശക്‌തിപ്പെടുത്തുകയും ചെയ്‌തിരുന്നുയെന്നാണ് അധികൃതര്‍ പറയുന്നത്.