മാലയിട്ട് വൃതമെടുത്ത് ഇരുമുടിയുമായി എത്തുന്നത് കലാപത്തിനോ..? സന്നിധാനത്ത് സംഘപരിവാർ നേതാക്കൾ എത്തുന്നത് വിഷം വിതയ്ക്കാൻ: ഇരുമുടിയെ രാഷ്ട്രീയ ഉപകരണമായി മാറ്റുന്നവർ

മാലയിട്ട് വൃതമെടുത്ത് ഇരുമുടിയുമായി എത്തുന്നത് കലാപത്തിനോ..? സന്നിധാനത്ത് സംഘപരിവാർ നേതാക്കൾ എത്തുന്നത് വിഷം വിതയ്ക്കാൻ: ഇരുമുടിയെ രാഷ്ട്രീയ ഉപകരണമായി മാറ്റുന്നവർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരില പുണ്യഭൂമിയാണ് എന്നും. കാടിനു നടുവിൽ പരിപാവനമായ അയ്യപ്പക്ഷേത്രം. സന്നിധാനത്തെ എന്നും പവിത്രമായി നിർത്തുന്നത് കാടിനു നടുവിലെ ആ ക്ഷേത്രത്തിന്റെ അന്തരീക്ഷം തന്നെയാണ്. എന്നാൽ, സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി വന്നതോടെ ശബരിമലയുടെ സമാധാന അന്തരീക്ഷം നഷ്ടമായിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തോടെ കെട്ടുംകെട്ടി, ഇരുമുടിയെ രാഷ്ട്രീയ ഉപകരണമാക്കി മല കയറുന്ന ബിജെപി നേതാക്കളെയാണ് കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയിൽ കണ്ടത്. ആചാര സംരക്ഷണം എന്ന ലക്ഷ്യവുമായി സന്നിധാനത്ത് പതിനെട്ടാംപടിയിൽ കയറിയിറങ്ങിയ വത്സൻ തില്ലങ്കേരി എന്ന ആർഎസ്എസ് നേതാവിനു പിന്നാലെയാണ്, ശബരിമല സന്നിധാനത്തെയും ഇരുമുട്ടി കെട്ടിനെയും രാഷ്ട്രീയ നേട്ടത്തിനു ബിജെപി ഉപയോഗിക്കുന്നത്.
ചിത്തിര ആട്ടവിശേഷത്തിന്, ആചാര ലംഘനത്തിനെതിരെ സമരം നടത്താൻ സന്നിധാനത്ത് തമ്പടിച്ചത് പതിനായിരത്തോളം ആർ.എസ്.എസ് പ്രവർത്തകരായിരുന്നു. ഇവരെ നിയന്ത്രിച്ചതാകട്ടെ ആർഎസ്എസിന്റെ നേതാവായ വത്സൻ തില്ലങ്കേരിയും. ആചാര ലംഘനത്തെ പ്രതിരോധിക്കാൻ ആചാരം തന്നെയാണ് ഇവർ ആദ്യം ലംഘിച്ചത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാൻ പാടില്ലെന്ന ആചാരം ലംഘിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. സത്യമായ പുണ്യമായ പൊന്നുപതിനെട്ടാംപടിയിൽ കുത്തിയിരുന്നത്, മുദ്രാവാക്യവും അസഭ്യവും മുഴക്കിയായിരുന്നു ഈ സംഘത്തിന്റെ പ്രകടനം.
ഇതിനു പിന്നാലെ വൃശ്ചിക പുലരിയിൽ നടതുറന്നപ്പോഴാണ് സംഘപരിവാറിന്റെ ഏറ്റവും പുതിയ നാടകം കണ്ടത്. വൃതമെടുത്ത് എത്തുന്ന ഭക്തയെന്ന വ്യാജേനെ സന്നിധാനത്തേയ്ക്ക് ഇരുമുടിക്കെട്ടുമായാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല എത്തിയത്. ഏതു വിധേനയും സന്നിധാനത്ത് കടന്നെത്തി ഇവിടുത്തെ സമാധാന അന്തരീക്ഷം തകർക്കുക എന്നത് മാത്രമായിരുന്നു ശശികലയുടെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. ഇത് ഒഴിവാക്കാനാണ് പൊലീസ് സന്നിധാനത്ത് അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ സന്നിധാനത്ത് പോലും കയറി സംഘപരിവാർ സമരം നടത്തിയത് തന്നെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിനെയും സർക്കാരിനെയും പ്രേരിപ്പിച്ചത്. ഇത്തരത്തിൽ സന്നിധാനത്തേയ്ക്ക് പോലും കടന്നു കയറി നടത്തിയ സമരങ്ങളാണ് ഇപ്പോൾ സാധാരണക്കാരായ അയ്യപ്പഭക്തരെ ബുദ്ധിമുട്ടിലാക്കിയത്.
പതിനായിരങ്ങൾ എത്തിച്ചേരുന്ന സന്നിധാനത്ത് ഏതെങ്കിലും വിധത്തിലുള്ള അക്രമ സംഭങ്ങൾ ഉണ്ടായാൽ ഇത് ഗുരുതരമായ പ്രശ്‌നത്തിൽ കലാശിക്കുമെന്ന് പൊലീസിനും സർക്കാരിനും, അതു പോലെ തന്നെ സമരത്തിനിറങ്ങുന്ന സംഘപരിവാർ സംഘടനകൾക്കും അറിയാം. ഈ അക്രമസംഭവങ്ങൾ സന്നിധാനത്ത് ഉണ്ടാക്കുക തന്നെയാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുകയാണ് ഇപ്പോൾ സന്നിധാനത്ത് നടക്കുന്ന കോപ്രായങ്ങൾ.
ശബരിമലയിലേയ്ക്ക് കയറാൻ താൻ വൃതമെടുത്ത് എത്തുകയാണെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എത്തിയതാണ് ശനിയാഴ്ച സന്നിധാനത്തെ മുൾ മുനയിൽ എത്തിയത്. സന്നിധാനത്ത് എത്തിയ സുരേന്ദ്രനൊപ്പം അഞ്ച് ബിജെപി പ്രവർത്തകരും ഉണ്ടായിരുന്നു. ഇവരുടെ ലക്ഷ്യം ഏതുവിധേയനും സന്നിധാനത്ത് എത്തുകയും, സ്ത്രീകൾ എത്തിയാൽ തടയുകയും തന്നെയായിരുന്നു. ഇതിനാണ് ഇവർ അരയും തലയും മുറുക്കി രംഗത്ത് എത്തിയത്. ഇത്തരത്തിൽ ആചാരം സംരക്ഷിക്കാൻ സ്ത്രീകളെ തടയാൻ എത്തിയവർ എന്തിനാണ് സന്നിധാനത്ത് പ്രവേശിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സ്ത്രീകളെ തടയാനാണെങ്കിൽ ഇവർ പമ്പയിലോ, നിലയ്ക്കലിലോ നിന്നാൽ മതിയാകില്ലേ. നിലയ്ക്കലും പമ്പയും വഴിയല്ലാതെ മറ്റൊരു വഴിയും നിലവിൽ സന്നിധാനത്തേയ്ക്ക് സ്ത്രീകൾക്ക് പ്രവേശിക്കാൻ സാധിക്കില്ല. എന്നാൽ, സന്നിധാനത്ത് ഏത് വിധേനയും കടന്നു കയറാൻ ഇവർ നടത്തുന്ന ശ്രമങ്ങളാണ് പിന്നിൽ ശക്തമായ രാഷ്ട്രീയമുണ്ടെന്ന സൂചന നൽകുന്നത്.
ചിത്തിര ആട്ടവിശേഷത്തിനും, തുലാമാസ പൂജകൾക്കുമായി സന്നിധാനത്ത് നടതുറന്നപ്പോൾ സംഘപരിവാർ കാട്ടിക്കൂട്ടിയ അതിക്രമങ്ങളാണ് ഇത്ര കടുത്ത നിയന്ത്രണങ്ങൾ ശബരിമലയിൽ ഏർപ്പെടുത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഇത് യഥാർത്ഥത്തിൽ വിനയായി മാറിയത് സാധാരണക്കാരായ ഭക്തർക്കാണ്. പ്രതിഷേധം വെറും നാമജപത്തിൽ മാത്രം ഒതുക്കിയിരുന്നെങ്കിൽ ഭക്തർക്ക് സന്നിധാനത്തേയ്ക്ക് ഈ കടുത്ത നിയന്ത്രങ്ങൾ നേരിടേണ്ടി വരില്ലായിരുന്നു. പ്രളയത്തിൽ തകർന്ന പമ്പയിൽ സർക്കാർ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാൻ തയ്യാറാകാതെ നിൽക്കുമ്പോഴാണ് ഇത്തരത്തിൽ സ്ത്രീ പ്രവേശനത്തിന്റെ പേരിൽ മാത്രം സന്നിധാനത്ത് ആർഎസ്എസിന്റെയും സംഘപരിവാർ സംഘടനകളുടെയും പ്രതിഷേധം. അയ്യപ്പൻമാരെ പോലും ബുദ്ധിമുട്ടിലാക്കുന്ന പ്രതിഷേധത്തിൽ നിന്ന് സംഘപരിവാർ സംഘടനകൾ ഇനിയെങ്കിലും പിന്മാറിയില്ലെങ്കിൽ ഈ മണ്ഡലകാലം ദുരിതകാലമായി മാറും.