കേരളത്തിൽ സംഭവിച്ചത് സമ്പൂർണ നിയമവാഴ്ച, ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ല, പുതിയ ജനവിധി തേടണം, എല്ലാ നിലക്കും സർക്കാറിന്റെ വിശ്വാസത ചോദ്യം ചെയ്യപ്പെടുന്നു, മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: സമ്പൂർണമായിട്ടുള്ള നിയമവാഴ്ചയുടെ തകർച്ചയാണ് കേരളത്തിൽ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അവകാശമില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷയെ അടക്കം ബാധിക്കുന്ന ഈ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണം.
പ്രത്യാരോപണങ്ങളും ഗുരുതരമാണ്. ഈ സർക്കാറിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള യോഗ്യതയും ധാർമികമായ അവകാശവുമില്ല. പുതിയ ജനവിധി തേടണം എന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. എല്ലാ നിലക്കും സർക്കാറിന്റെ വിശ്വാസത ചോദ്യം ചെയ്യപ്പെടുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാടിനെ ബാധിക്കുന്ന വിഷയങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് ഭരണകക്ഷി എം.എൽ.എ പി.വി. അൻവർ പൊതുസമൂഹത്തിന് മുൻപിൽ ഉയർത്തിയിരിക്കുന്നത്. എന്നിട്ടും ഒരു അന്വേഷണവും ഇവിടെ നടക്കുന്നില്ല.
മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് സി.പി.എം സഹയാത്രികനായ എം.എൽ.എ പറഞ്ഞിരിക്കുന്നത്. അൻവർ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു സാധാരണ പൗരനെതിരെതിരെയല്ല.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും മരുമകൻ മന്ത്രിയും എ.ഡി.ജി.പിയും പ്രതിസ്ഥാനത്തുണ്ട്. ആരോപണം തെറ്റാണെങ്കിൽ അൻവറിനെതിരെ കർശനമായ നടപടി സ്വീകരിച്ച് അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണം.
പി.വി. അൻവർ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയതാണെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാർട്ടിയും അൻവറിനെതിരായി മാനനഷ്ട കേസ് കൊടുക്കാൻ തയാറാവാത്തത്. ഗൗരവതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്. അൻവറിനെതിരെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ സ്വർണ്ണക്കള്ളക്കടത്തുകാരെ സഹായിക്കുന്ന എം.എൽ.എയെ ഇത്രനാളും സംരക്ഷിച്ചു പോന്നത് ആരാണ്.
കേരളത്തിന്റെ പൊതുസമൂഹത്തിന് മുൻപിൽ ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങൾ അൻവറിന്റെ വാർത്താ സമ്മേളനത്തിലും അതിനുള്ള പ്രതിരോധമായി മുഖ്യമന്ത്രി പറഞ്ഞതിലുമുണ്ട്. ഒറ്റവാക്കിൽ തള്ളിക്കളയേണ്ട ആരോപണമല്ല ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
അൻവറിനെതിരെ ശരിയായ ഒരു നിലപാട് എടുക്കാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സാധിക്കത്തത്. സി.പി.എം ഇതുപോലെ ഗതികേടിൽ ആയ ഒരു കാലം വന്നിട്ടുണ്ടോ. അൻവർ കള്ളക്കടത്തുകാരനാണെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി പറയുമ്പോൾ, ഇത്രകാലം എന്തുകൊണ്ട് അയാളെ സംരക്ഷിച്ചു.
സി.പി.എമ്മിൽ ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിയും പി.വി. അൻവറുമായുള്ള ആഭ്യന്തര യുദ്ധം ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ നിലപാടിന്റെ പേരിലാണോ. ഒരു രാഷ്ട്രീയപാർട്ടി എത്രമാത്രം അധഃപതിക്കാൻ പാടുണ്ടോ. എം.വി. ഗോവിന്ദൻ രാജിവെച്ച് പുറത്തു പോകണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
തൃശൂരിൽ ബി.ജെ.പി ജയിച്ചതും 20 ശതമാനം വോട്ട് പിടിച്ചതും പൂരം കലക്കിയാണെന്ന ചിന്തയിലാണെങ്കിൽ എൽ.ഡി.എഫും യു.ഡി.എഫും അങ്ങനെ തന്നെ തുടരണം. 2026 ഓടെ കേരളം പിടിക്കാനുള്ള ഓട്ടത്തിലാണ് ബി.ജെ.പിയെന്നും അദ്ദേഹം അറിയിച്ചു.