കശുമാങ്ങയിൽ നിന്ന് ഇനി മദ്യവും; വരുമാനം കൊയ്യാൻ പുതിയ ആശയവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ

കശുമാങ്ങയിൽ നിന്ന് ഇനി മദ്യവും; വരുമാനം കൊയ്യാൻ പുതിയ ആശയവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കശുമാങ്ങയിൽ നിന്ന് ഇനി മദ്യവും. റബർവില കുത്തനെ ഇടിഞ്ഞതോടെയാണ് വരുമാനം കൊയ്യാനുള്ള പപുതിയ ആശയം പ്ലാന്റേഷൻ കോർപറേഷൻ മുന്നോട്ട് വച്ചിരിക്കുന്നത്. കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിലെ കശുമാങ്ങകളിൽ നിന്നാണ് വീര്യം കുറഞ്ഞ മദ്യവും വൈനും മറ്റും ഉത്പാദിപ്പിക്കുക. പദ്ധതിയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം സർക്കാരിന്റെ അനുമതി തേടും.

ഇതോടൊപ്പം അബ്കാരി നിയമങ്ങൾക്ക് അനുകൂലമായി വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് ലൈസൻസ് നൽകാൻ എക്‌സൈസ് വകുപ്പും ആലോചിക്കുന്നുണ്ട്. ഗോവൻ ഫെനി പോലെ വീര്യം കുറഞ്ഞ മദ്യമായിരിക്കും ഇത്. ബീവറേജസ് വഴിയായിരിക്കും ഇതിന്റെ വിൽപനയും. അതേസമയം സർക്കാർ അനുമതി ലഭിച്ചാൽ പ്ലാന്റേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കുന്നതും ആലോചിക്കും. 6,000 ഹെക്ടർ പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവ് കൃഷി നിലവിൽ 6,000 ഹെക്ടറിലാണ്. കശുവണ്ടി എടുത്തശേഷം, പഴം (കശുമാങ്ങ) ഉപേക്ഷിക്കുകയാണ് ഇപ്പോൾ. ഇനി കശുമാങ്ങയിൽ നിന്ന് മദ്യവും, പുറമേ അച്ചാറും വിപണിയിലെത്തിക്കും. പദ്ധതി വിജയിച്ചാൽ, കശുമാവിൻ കൃഷി വിപുലമാക്കാനും ആലോചനയുണ്ട്. ഒരുകിലോ കശുമാങ്ങ സംസ്‌കരിച്ചാൽ 5.5 ലിറ്റർ നീര് കിട്ടും. ഇതിൽനിന്ന് അര ലിറ്റർ മദ്യം നിർമ്മിക്കാനാകും. റബർകൃഷി കൊണ്ട് മാത്രം ഇനി പിടിച്ചു നിൽക്കാനാവില്ല. വൈവിദ്ധ്യവത്കരണത്തിലേക്ക് നീങ്ങണം. കോർപറേഷൻ വക തോട്ടങ്ങളിൽ വൻ തോതിൽ ഉപേക്ഷിക്കുന്ന കശുമാങ്ങ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം മാത്രമല്ല, വൈൻ, സോഡ, വിനാഗിരി, അച്ചാർ തുടങ്ങിയ പല ഉത്പന്നങ്ങളും ഉണ്ടാക്കാം. കാർഷിക സർവകലാശാല വിശദ റിപ്പോർട്ടിന് മുന്നോടിയായി ഒരു ആമുഖ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group