തകർത്തടിച്ച് കോഹ്ലിയും ഡുപ്ലെസിയും ; ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം; സിക‍്‍സർ പറത്തി കിങ് കോഹ്ലിയുടെ ഫിനിഷിങ്

തകർത്തടിച്ച് കോഹ്ലിയും ഡുപ്ലെസിയും ; ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം; സിക‍്‍സർ പറത്തി കിങ് കോഹ്ലിയുടെ ഫിനിഷിങ്

സ്വന്തം ലേഖകൻ

ബംഗളൂരു: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. മുംബൈ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ സ്വന്തമാക്കി. വിരാട് കോലി, ഫാഫ് ഡുപ്ലസിസ് ഓപ്പണിംഗ് സഖ്യം 141 റണ്‍സ് കൂട്ടുകെട്ടുമായി ആര്‍സിബിക്ക് ഹിമാലയന്‍ തുടക്കം നല്‍കി. 43 പന്തില്‍ 73 റണ്‍സുമായി ഫാഫും അക്കൗണ്ട് തുറക്കാതെ ഡികെയും പുറത്തായി. വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലുംപുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിനിങ്ങിനിറങ്ങിയ മുംബൈയുടെ മുൻനിര ബാറ്റർമാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ തിലക് വർമ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. തിലക് വർമ 46 പന്തിൽ നാല് സിക്‌സുകളുടേയും ഒമ്പത് ഫോറിന്റേയും അകമ്പടിയിൽ പുറത്താവാതെ 84 റൺസ് എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനയച്ച ബാഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിസിന്റെ തീരുമാനം ശരിവക്കും വിധമായിരുന്നു ആദ്യ ഓവറുകളില്‍ ബാംഗ്ലൂർ ബോളർമാരുടെ പ്രകടനം. മൂന്നാം ഓവറിൽ ഇഷാൻ കിഷനെ കൂടാരം കയറ്റി സിറാജാണ് മുംബൈക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ റീസ് ടോപ്ലി കാമറൂൺ ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു.

കളിയുടെ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമ ആറാം ഓവറിൽ ആകാശ് ദീപിന് മുന്നിൽ വീണു. പത്ത് പന്ത് നേരിട്ട രോഹിതിന്റെ സമ്പാദ്യം ആകെ ഒരു റൺസായിരുന്നു. ഒമ്പതാം ഓവറിൽ സൂര്യ കുമാർ യാദവും കൂടാരം കയറിയതോടെ പ്രതിരോധത്തിലായ മുംബൈയെ നേഹാൽ വദേരയെ കൂട്ടുപിടിച്ച് തിലക് വർമ നടത്തിയ പോരാട്ടമാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അവസാന ഓവറുകളില്‍ അര്‍ഷദ് ഖാനും തിലകിന് മികച്ച പിന്തുണ നല്‍കി. ബാംഗ്ലൂരിനായി കരൺ ശർമ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാക്‌സ്‍വെല്‍ ഒഴികെയുള്ള മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.