10 പേർക്ക് താമസിക്കാനായി ഓൺലൈനായി ബുക്ക് ചെയ്ത മുറി നൽകിയില്ല ; ഓരോ മുറിക്കും 2500 രൂപ വീതം അധിക നിരക്കും ആവശ്യപ്പെട്ടു ; ഓയോ റൂംസ് കമ്പനി1.10 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി വിധി
സ്വന്തം ലേഖകൻ
കൊച്ചി: ഓൺലൈനിൽ ബുക്ക് ചെയ്ത മുറി നൽകാതെ കഷ്ടപ്പെടുത്തിയ കേസിൽ ഓയോ റൂംസ് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധി. 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. ഓയോ റൂംസിനും കൊല്ലത്തെ മംഗലത്ത് ഹോട്ടലിനും എതിരെ കെഎസ് അരുൺദാസ് ആണ് ഹർജി നൽകിയത്.
ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉൾപ്പടെ 10 അംഗ സംഘത്തിനു താമാസിക്കാനാണ് അരുൺദാസ് കൊല്ലത്തെ ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. 2933 രൂപ നൽകിയാണ് മുറികൾ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയപ്പോൾ മുറികൾ നൽകാൻ ഹോട്ടൽ ഉടമ തയ്യാറായില്ല എന്നാണ് പരാതി. ഓരോ മുറിക്കും 2500 രൂപ വീതം അധിക നിരക്കും ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുക്ക് ചെയ്ത മുറി ലഭിക്കാതിരുന്നതോടെ ഏറെ കഷ്ടപ്പെട്ടാണ് കുടുംബം മറ്റൊരു ഹോട്ടലിൽ മുറി റെഡിയാക്കിയതെന്നും പരാതിയിൽ പറയുന്നുണ്ട്. ഹർജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകാൻ ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കൊച്ചി ബെഞ്ചാണ് ഉത്തരവിട്ടത്.