‘ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചില്‍ മാറ്റാനുള്ള മരുന്ന് ആവോളം കയ്യിലുണ്ട്; നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂ; റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോ’; ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് റോബിൻ മോട്ടോഴ്‌സ്
കോട്ടയം: നിയമ ലംഘനം ചൂണ്ടിക്കാട്ടി രണ്ടുതവണ മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പിടികൂടിയ റോബിൻ മോട്ടോഴ്‌സ് വീണ്ടും നിരത്തിലേക്ക്.
നാളെ പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് പുറപ്പെടുമെന്നാണ് ബസ് ഉടമ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്നും ഉടമ വ്യക്തമാക്കി.
അതേ സമയം ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടില്‍ തന്നെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്.
എന്നാല്‍ നിയമപരമായി എല്ലാം കയ്യിലുണ്ടെന്നും നാളെ മുതല്‍ സര്‍വീസ് തുടങ്ങുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് റോബിൻ മോട്ടോഴ്‌സ് രംഗത്ത് എത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒക്ടോബര്‍ 16-ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. റോബിൻ ബസ് കോയമ്ബത്തൂര്‍ സര്‍വ്വീസിനായുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
ഫേസ്‌ബുക്ക് കുറിപ്പിലാണ് റോബിൻ മോട്ടോഴ്‌സിന്റെ പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാനുള്ള ശ്രമമടക്കം വിശദീകരിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കോടതി വിധി നമുക്ക് അനുകൂലമാണെന്നും ശനിയാഴ്ച ബസ് യാത്ര തുടങ്ങുമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
പേജ് പൂട്ടിയാലും റോബിൻ നാളെ മുതല്‍ റോഡില്‍ ഉണ്ടാകും. ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചില്‍ മാറ്റാനുള്ള മരുന്ന് ആവുവോളം നമ്മുടെ കയ്യിലുണ്ടെന്നും ഒരു പടികൂടി കടന്ന്, നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂവെന്നും റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളുവെന്നും കുറിപ്പില്‍ വെല്ലുവളിക്കുന്നു.