play-sharp-fill
വീണ്ടും അങ്കത്തിന് ഒരുങ്ങി റോബിൻ ബസ് ; ഇക്കുറി വെല്ലുവിളിക്കുന്നത് കെഎസ്‌ആർടിസിയെ ;  പത്തനംതിട്ട-കോയമ്പത്തൂർ കെഎസ്‌ആർടിസി സർവീസിന്റെ മുൻപിലോടാൻ ശ്രമം; യാത്രക്കാരുടെ ആവശ്യമാണ് ലക്ഷ്യമെന്ന് ഉടമ ഗിരീഷ്

വീണ്ടും അങ്കത്തിന് ഒരുങ്ങി റോബിൻ ബസ് ; ഇക്കുറി വെല്ലുവിളിക്കുന്നത് കെഎസ്‌ആർടിസിയെ ;  പത്തനംതിട്ട-കോയമ്പത്തൂർ കെഎസ്‌ആർടിസി സർവീസിന്റെ മുൻപിലോടാൻ ശ്രമം; യാത്രക്കാരുടെ ആവശ്യമാണ് ലക്ഷ്യമെന്ന് ഉടമ ഗിരീഷ്

സ്വന്തം ലേഖകൻ 

പത്തനംതിട്ട: മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ടുമെന്റുമായി നിരന്തരം അങ്കത്തിലായിരുന്ന റോബിൻ ബസ് വീണ്ടും അങ്കത്തിന് ഒരുങ്ങുന്നു.ഇക്കുറി കെഎസ്‌ആർടിസിയെ വെല്ലുവിളിക്കാനാണ് നീക്കം. കെഎസ്‌ആർടിസി പത്തനംതിട്ട-കോയമ്പത്തൂർ സർവീസിന്റെ മുൻപിലോടാനാണ് റോബിൻ ബസിന്റെ ശ്രമം.

പുലർച്ചെ 4.30നാണ് കെഎസ്‌ആർടിസി കോയമ്ബത്തൂർ സർവീസ് പുറപ്പെടുന്നത്. ഈ കെഎസ്‌ആർടിക്കും പണി കൊടുക്കുന്ന വിധത്തില്‍ പുലർച്ചെ നാലിന് ഒാടാനാണ് റോബിൻ ബസിന്റെ ശ്രമം. ഫെബ്രുവരി 1 മുതല്‍ പത്തനംതിട്ടയില്‍നിന്ന് 4 മണിക്ക് പുറപ്പെടാനാണു റോബിൻ ബസിന്റെ ഒരുക്കമെന്നാണ ബസ് ഉടമ വ്യക്തമാക്കുന്നത്. ഇതോടൊപ്പം സർവീസ് അടൂരിലേക്ക് നീട്ടുന്നുമുണ്ട്. പുലർച്ചെ 3.30ന് അടൂരില്‍നിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്ബത്തൂരിലെത്തും. അവിടെനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് അടൂരിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കെഎസ്‌ആർടിസിക്ക് നിരവധി പരാധീനതകള്‍ ഉണ്ട്. ഇതെല്ലാം മുതലെടുക്കുകയാണ് റോബിൻ ബസിന്റെ ശ്രമം. കെഎസ്‌ആർടിസി കോയമ്ബത്തൂർ സർവീസിന് ഉപയോഗിക്കുന്ന എസി ലോ ഫ്‌ളോർ ബസുകള്‍ തുടർച്ചായി വഴിയില്‍ കിടന്നിട്ടും അവ മാറ്റി പുതിയ ബസ് അനുവദിക്കാൻ അധികൃതർ തയാറായിട്ടില്ല. കൂടാതെ പുതിയ എസി ബസുകളൊന്നും കെഎസ്‌ആർടിസിയുടെ പക്കലില്ല. ബ്രേക്ക് തകരാർ, എൻജിനില്‍ തീ എന്നീ പ്രശ്‌നങ്ങള്‍ കാരണം പാതിവഴിയില്‍ സർവീസ് മുടങ്ങുന്നതിന് പരിഹാരം പുതിയ ബസുകള്‍ മാത്രമാണ്.

കോയമ്ബത്തൂരിലേക്ക് കെഎസ്‌ആർടിസിക്ക് പത്തനംതിട്ടയില്‍ നിന്നുള്ള 3 സർവീസിനും നല്ല കലക്ഷനുണ്ട്. പുതിയ ബസിനായി കത്ത് എഴുതി കാത്തിരിക്കുകയാണ് അധികൃതർ. ഇതിനിടെയാണ് ഈ ബസിന് പാരവെക്കുന്ന വിധത്തില്‍ റോബിൻ ബസിന്റെ രംഗപ്രവേശം. അതേസമയം കെഎസ്‌ആർടിസിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരമല്ലെന്നു റോബിൻ ബസുടമ ഗിരീഷ് പറയുന്നത്. യാത്രക്കാരുടെ ആവശ്യമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാവിലെ നേരത്തെ കോയമ്ബത്തൂരില്‍ എത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. വൈകിട്ട് നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്ബത്തൂരിലെ ആവശ്യങ്ങള്‍ തീർത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിർദ്ദേശം സ്വീകരിച്ചാണ് സമയമാറ്റം. പത്തനംതിട്ടയില്‍ രാത്രി സർവീസ് അവസാനിപ്പിക്കുമ്ബോള്‍ തുടർയാത്രാ സൗകര്യമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതു കൊണ്ടാണ് എംസി റോഡുമായി ബന്ധിപ്പിക്കാൻ അടൂരിലേക്ക് നീട്ടുന്നതെന്നും ഗിരീഷ് പറഞ്ഞു.

വൈകാതെ റെഡ് ബസിന്റെ ബുക്കിങ് പ്ലാറ്റ്‌ഫോമിലും റോബിൻ ബസ് ലഭ്യമാകും. എംവിഡിയുമായി നിരന്തരം പോരാട്ടത്തിന് ഒടുവിലാണ് റോബിൻ ബസ് സർവീസ് നടത്തുന്നത്. പലതവണ ബസിനെതിരെ എംവിഡി നടപടി സ്വീകരിച്ചു. എന്നിട്ടും പിന്മാറാതെ മുന്നോട്ടു പോകുകയാണ് ബസ് ചെയ്തത്. അതിനിടെ തുടർച്ചയായി മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിൻ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ ഹർജിയുമായാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഉടമയുടെ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഹർജിയുടെ അടിസ്ഥാനത്തില്‍ കോടതി ഗതാഗത സെക്രട്ടറിയോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമപരമായി സർവീസ് നടത്തുകയാണ് ചെയ്യുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സർവീസ് നടത്തിയിട്ടും പരിശോധനയുടെ മറവില്‍ പീഡനമനുഭവിക്കുകയാണെന്നാണ് ബസ് ഉടമ ബേബി ഗിരീഷ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയെന്ന പേരില്‍ നിയമപരമായി സർവീസ് നടത്തുന്നതിനെ തടയാനും ബുദ്ധിമുട്ടിക്കാനും ലക്ഷ്യമിടുന്നുവെന്നും ഗിരീഷ് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പും ബസ് കസ്റ്റഡിയിലെടുത്തിരുന്നു.പിന്നീട് കോടതി ഉത്തരവ് മുഖേനയാണ് ബസ് പുറത്തിറക്കിയത്. നിയമപരമായി സർവീസ് പുനരാരംഭിച്ചപ്പോഴും പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ് ബസിനെ പിന്തുടർകയാണെന്നാണ് ബസ് ഉടമ ചൂണ്ടിക്കാണിക്കുന്ന പ്രധാന പരാതി.