15 ദിവസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ മോഷണം; അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും ക്ലോസറ്റ് ഒഴികെ എല്ലാം മോഷ്ടാക്കൾ കൈക്കലാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 15 ദിവസം മുൻപ് ഗൃഹപ്രവേശം നടത്തി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. കിളിമാനൂരിലാണ് സംഭവം. വീട്ടിൽ നിന്ന് സ്വിച്ച് ബോർഡുകൾ, ബൾബുകൾ, വയറുകൾ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ ഇളക്കിയെടുത്ത് മോഷ്ടാക്കൾ കൊണ്ടുപോയി. ഇതു സംബന്ധിച്ച് പുതിയകാവ് എൻഎൻ വില്ലയിൽ എൻ നൗഫൽ കിളിമാനൂർ പൊലീസിൽ പരാതി നൽകി. ഗൃഹപ്രവേശം നടത്തി എങ്കിലും പണി പൂർത്തിയാകാത്തതിനാലാണ് വീട് അടച്ചിട്ടത്.
നൗഫലിന്റെ ഭാര്യ വീടിനു സമീപം കാട്ടുചന്തയിൽ നിർമിച്ച പുതിയ വീട്ടിൽ നിന്നുമാണ് സ്വിച്ചും മറ്റ് സാധനങ്ങളും ഇളക്കിയെടുത്ത് മോഷണം നടത്തിയത്. 160 ഇലക്‌ട്രിക് സ്വിച്ചുകൾ, അത്രയും ബോർഡുകൾ, ഫാൻസി, എൽഇഡി ലൈറ്റുകൾ, ഫാൻ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവൻ സാധനങ്ങളും മോഷണം പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെയിന്റ് അടിക്കുന്ന സ്പ്രേയർ അടക്കം 80,000 രൂപ വിലയുള്ള സാധനങ്ങൾ ഇളക്കി കൊണ്ടു പോയി. വീടിന്റെ ഒന്നാം നിലയിലെ കതക് തുറന്ന് കിടക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഇന്നലെ പോയി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.