പട്ടാപ്പകൽ പമ്പ് ഉടമയുടെ കയ്യിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിപ്പറിച്ചു;ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് മോഷ്ടിച്ചത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം:പട്ടാപ്പകല്‍ പമ്പ് മാനേജരിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ രണ്ടര ലക്ഷം രൂപ കവർന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ തിരുവനന്തപുരം കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ചാണ് കവർച്ച നടന്നത്.
ഇന്ത്യനോയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിലടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേർ പണം പിടിച്ച്പറിച്ച് കടന്നു കളഞ്ഞത്.
ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്‍റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന സ്കൂട്ടര്‍ ഓടിച്ച് ഉടൻ തന്നെ അമിത വേഗതയിൽ ഇവർ കടന്നു കളഞ്ഞു.
ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group