play-sharp-fill
വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച്‌ കവർച്ച ; കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും ; വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ ; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച്‌ കവർച്ച ; കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും ; വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ ; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോർ (ജിമ്മൻ കിച്ചു-25) പിടിയിൽ. പരപ്പനങ്ങാടിയിൽ വെച്ച് പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവർച്ച നടത്തിവരികയായിരുന്നു ജിമ്മൻ കിച്ചുവെന്ന് പൊലീസ് പറഞ്ഞു.

അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച്‌ മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 200ഓളം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈ എസ് പി ടി മനോജ്, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, സബ് ഇൻസ്പെക്ടർമാരായ പി ആർ ദിനേശ്കുമാർ, അജയൻ, എഎസ്ഐമാരായ വിവേക്, തുളസി, സോണിയ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐകെ ദിനേശ്, പി സലീം, ആർ ഷഹേഷ്, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.