ബോറിസ് ജോണ്‍സണ്‍ പിന്മാറി, ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്; ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇന്ത്യന്‍ വംശജനെന്ന നേട്ടവും സുനകിന് സ്വന്തം; അധികാരം കയ്യിലെത്തുന്നത് ലിസ് ട്രസ് രാജിവച്ചതിന് പിന്നാലെ
സ്വന്തം ലേഖകന്‍
ലണ്ടന്‍: പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെ ഇന്ത്യന്‍ വംശജന്‍ റിഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്. മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ് 57 പേരുടെ പിന്തുണയാണ് ലഭിച്ചത്.ഇതുവരെ 157 എംപിമാരുടെ പിന്തുണ റിഷി സുനക് ഉറപ്പിച്ചു. ഇതോടെ ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇന്ത്യന്‍ വംശജനെന്ന നേട്ടവും റിഷി സുനകിന് സ്വന്തമാകും. ലിസ് ട്രസ് രാജിവെച്ചതിന് പിന്നാലെയാണ് സുനക് അധികാരത്തിലെത്തുന്നത്.
100 എംപിമാരുടെ പിന്തുണയുളളവര്‍ക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. റിഷി സുനക്കിന് മുന്നിലും നിരവധി വെല്ലുവിളിയുണ്ട്. പ്രതിസന്ധി നേരിടുന്ന സാമ്പത്തിക രംഗത്തെ പഴയപടിയാക്കുക എന്നതാണ് പ്രധാനം. സാമ്പത്തിക പ്രശ്‌നത്തോടൊപ്പം റഷ്യ-യുക്രൈന്‍ യുദ്ധം, ഇന്ധനപ്രതിസന്ധി, കുടിയേറ്റ നയം എന്നിവയാണ് സുനകിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധികാരമേറ്റെടുത്ത് 45 ആം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജി. സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്.
അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകള്‍ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാര്‍ട്ടിയിലേയും കാബിനറ്റിലെയും പ്രമുഖര്‍ വിമര്‍ശിച്ചു. താന്‍ പോരാളിയെന്നും തോറ്റ് പിന്മാറില്ലെന്നുമായിരുന്നു അപ്പോള്‍ ലിസ് ട്രസിന്റെ പ്രതികരണം. വിമര്‍ശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം.