സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു ; ഈ മാസം റിപ്പോർട്ട് ചെയ്തത് 2505 കേസുകൾ
കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം 2505 കേസുകളാണ് ഈ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 11467 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗവ്യാപനം ഉണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ നാഷണല്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോളിനെ ഇക്കാര്യം അറിയിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇതുവരെ കണ്ടെത്തിയ കേസുകളില്‍ ഭൂരിഭാഗവും മലപ്പുറം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് വടക്കന്‍ ജില്ലകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നിവയ്ക്കുള്ള വാക്‌സിനുകള്‍ നിലവിലുണ്ടെങ്കിലും സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ മൂന്ന് രോഗങ്ങള്‍ക്കുമുള്ള വാക്‌സിന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് എടുക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ അഞ്ചാംപനി-റുബെല്ല (എംആര്‍) വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് എംഎംആര്‍ വാക്‌സിന്‍ ലഭിക്കും. അഞ്ചാംപനി, റുബെല്ല എന്നിവയ്ക്ക് നല്‍കുന്നതുപോലെ മുണ്ടിനീരിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വാക്‌സിന് കഴിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ പദ്ധതിയില്‍ എംഎംആര്‍ വാക്‌സിന്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമായേക്കില്ലെന്ന് ആരോഗ്യരംഗത്തുനിന്നുള്ള വിദഗ്ധന്‍ പറഞ്ഞു. പരമ്പരാഗതമായി വാക്‌സിനുകളോട് വിമുഖത കാണിക്കുന്ന ജില്ലയാണ് മലപ്പുറം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടിനീരിന്റെ ലക്ഷണങ്ങളും പരിചരണവും
മംപ്‌സ് വൈറസ് (ഒരു തരം പാരാമിക്‌സോ വൈറസ്) പരത്തുന്ന പകര്‍ച്ചവ്യാധിയാണ് മുണ്ടിനീര്. തലവേദന, പനി, ക്ഷീണം തുടങ്ങിയ ലക്ഷങ്ങളോടെയാണ് രോഗം ആരംഭിക്കുക. സാധാരണയായി ഇത് ഉമിനീര്‍ ഗ്രന്ഥികളില്‍ (പാരോറ്റിറ്റിസ്) നീര്‍ക്കെട്ട് ഉണ്ടാക്കും. ഇത് കവിള്‍ത്തടങ്ങളിലേക്കും താടിയെല്ലിന് സമീപത്തേക്കും പടരുന്നു. രണ്ട് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കുട്ടികളെയാണ് മുണ്ടിനീര് സാധാരണയായി ബാധിക്കുന്നത്. കൗമാരക്കാര്‍ക്കും പ്രായപൂര്‍ത്തിയായവരിലും പ്രതിരോധ കുത്തിവെയ്പ്പ് എടുത്താലും രോഗം പ്രത്യക്ഷപ്പെടാം. വാക്‌സിന് എടുത്ത് വര്‍ഷങ്ങള്‍ക്കുശേഷം പ്രതിരോധശേഷി കുറയുന്നതാണ് ഇതിന് കാരണം. മുണ്ടിനീര്‍ അണുബാധ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷന്‍ പൂര്‍ണമായും എടുക്കുക എന്നതാണ്.
മുണ്ടിനീരിന് പ്രത്യേക ചികിത്സകളൊന്നുമില്ല. രോഗം ബാധിച്ച് സാധാരണ രണ്ടാഴ്ചയ്ക്കുള്ളില്‍ ഭേദമാകും. രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുള്ള ചികിത്സാ രീതിയാണ് പ്രധാനമായും പിന്തുടരുന്നത്. രോഗബാധയുള്ളവര്‍ ധാരാളം വെള്ളം കുടിക്കുകയും, ഇടയ്ക്ക് ചെറുചൂടുവെള്ളം കവിള്‍ കൊള്ളുകയും എളുപ്പത്തില്‍ ചവച്ചിറക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തലച്ചോറില്‍ വീക്കം, കേള്‍വിശക്തി നഷ്ടപ്പെടുക, പുരുഷന്മാരില്‍ വൃഷ്ണത്തില്‍ വേദനയോട് കൂടിയ വീക്കം തുടങ്ങിയവയ്ക്കും കാരണമായേക്കാം.