ഒരു ബസ് കണ്ടക്ടറുടെ മകളാണ്..! വിരട്ടലിൽ വീഴില്ല സാറേ; കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മൂന്നാർ സബ് കളക്ടറായ കഥ; രേണുരാജിന്റെ സിനിമയെ വെല്ലും ജീവിത കഥ ഇങ്ങനെ

ഒരു ബസ് കണ്ടക്ടറുടെ മകളാണ്..! വിരട്ടലിൽ വീഴില്ല സാറേ; കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മൂന്നാർ സബ് കളക്ടറായ കഥ; രേണുരാജിന്റെ സിനിമയെ വെല്ലും ജീവിത കഥ ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: പട്ടുമെത്തയിൽ വളർന്ന്, സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിച്ച് ജീവിച്ച ഉത്തരേന്ത്യൻ ഗോസായി കുടുംബത്തിലെ ഐഎഎസുകാരിയല്ല കോട്ടയത്തിന്റെ സ്വന്തം രേണുരാജ്. ഡോക്ടറുടെ വെള്ളക്കുപ്പായം അഴിച്ച് വച്ച് ഐഎഎസ് എന്ന മൂന്നക്ഷരം തോളിൽ അണിയാൻ ഒരു സാദാ ബസ് കണ്ടക്ടറുടെ മകളായ രേണുരാജ് കടന്നു വന്ന കടമ്പകൾ ഏറെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം.ബിബിഎസ് പാസായ ശേഷമാണ് രേണു ഐഎഎസ് എന്ന മാന്ത്രിക വലയിലേയ്ക്ക് വീണത്. 
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ശേഷം ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ച രേണു രാജ് അഞ്ചു വർഷം മുൻപാണ് രണ്ടാം റാങ്കോടെ സിവിൽ സർവീസിന്റെ സിലക്ഷൻ പട്ടികയിൽ കയറിപ്പറ്റുന്നത്. കോട്ടയത്തെ ഒരു സാദാ ബസ് കണ്ടക്ടറുടെ മകളാണ് താൻ എന്നും, ഇതിനെ അഭിമാനത്തോടെയാണ് കാണുന്നതെന്നും രേണു പല തവണ പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് രേണുവിന്റെ പോരാട്ട വീര്യത്തിൽ വ്യത്യസ്തയാക്കുന്നതും. സബ് കളക്ടർമാർ വാഴാത്ത മൂന്നാറിന്റെ മണ്ണിലേയ്ക്ക് ഇതേ പോരാട്ട വീര്യം മാത്രം വച്ചാണ് രേണു രാജ് എത്തിയതും. 
സബ് കളക്ടർമാരെ വാഴിക്കാത്ത ഇടമായാണ് ദേവികുളം അറിയപ്പെടുന്നത് 2010 മുതൽ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കിൽ അഞ്ചു ദിവസം മുതൽ ഏതാനും മാസങ്ങൾ മാത്രമാണ് പല കളക്ടർമാരും ജോലി ചെയ്തിട്ടുള്ളത്.  ഈ സ്ഥാനത്തേക്കാണ് തൃശൂർ സബ് കളക്ടർ സ്ഥാപനത്തു നിന്നും രേണു എത്തിയത്.  കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാൻസിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി.
തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് വരുന്നത്. അതേസമയം ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ് കളക്ടർ എന്ന പദവിയും രേണുവിനു തന്നെ. ക്വാറി മാഫിയയ്ക്കെതിരേ ശക്തമായ നിലപാടുകളിലൂടെയും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു മൂന്നാറിലേക്ക് എത്തിയത്. ഇപ്പോൾ എംഎൽഎയുമായി നേർക്കുനേർ പോരാടി നിന്ന രേണു വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.  ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകമായ മൂന്നാറിൽ കുറ്റക്കാർക്കെതിരേ നടപടിയെടുത്താൽ അധികം താമസമില്ലാതെ കസേര തെറിക്കുന്ന അവസ്ഥയാണ് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥർക്ക്.
രാഷ്ട്രീയക്കാരോട് കൊമ്പു കോർക്കേണ്ടി വന്നതിന്റെ പേരിൽ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂൺ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടർന്ന് എം ജി രാജമാണിക്യത്തിന് ചാർജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വർഷം സബ് കളക്ടറായി ജോലി നോക്കി. എന്നാൽ 2012 ഏപ്രിൽ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോൾ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യർ എത്തി. തുടർന്ന് എസ്. വെങ്കിടേശപതി, കെ.എൻ. രവീന്ദ്രൻ, മധു ഗംഗാധർ, ഇ.സി. സ്‌കറിയ, ഡി. രാജൻ സഹായ്, ജി.ആർ. ഗോകുൽ, എസ്. രാജീവ്, സാബിൻ സമീദ്, എൻ.ടി.എൽ. റെഡ്ഡി, ശ്രീറാം വെങ്കട്ടരാമൻ, വി.ആർ. പ്രേംകുമാർ എന്നിവരാണു സബ് കളക്ടർമാരായി ചുമതലയേറ്റത്.
വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടർ പദവിയിരുന്നത് ഇ സി സ്‌കറിയ ആണ്. ഒരു വർഷവും രണ്ടു മാസവും സബ് കളക്ടറായി ജി ആർ ഗോകുൽ സേവനമനുഷ്ഠിച്ചു. ഗോകുൾ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാർജെടുത്തു. എസ്. രാജീവ് രണ്ടു മാസവും, കെ.എൻ. രവീന്ദ്രൻ, എൻ.ടി.എൽ. റെഡ്ഡി എന്നിവർ ഒരു മാസം വീതവും സബ് കലക്ടറായിരുന്നു. എന്നാൽ പിന്നീട് വന്ന ശ്രീറാം വെങ്കട്ടരാമൻ ചങ്കൂറ്റത്തോടെ കയ്യേറ്റക്കാരെ വിറപ്പിക്കാൻ തുടങ്ങിയതോടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ശ്രീറാമിനെതിരേ പടവാളെടുത്തു. മന്ത്രി എം എം മണി, ജോയ്സ് ജോർജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തുടങ്ങിയവർക്കെതിരേ നടപടി സ്വീകരിച്ചാണ് ശ്രീറാം ഏവരെയും ഞെട്ടിച്ചത്. അതിന്റെ പ്രതിഫലമായി ഉടൻ സ്ഥലംമാറ്റവുമെത്തി.
എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോൾ 2017 ജൂലൈയിൽ പ്രേം കുമാർ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം പോയതിന്റെ ആശ്വസത്തിൽ നിന്ന രാഷ്ട്രീയക്കാർക്ക് മേൽ പതിച്ച വെള്ളിടിയായിരുന്നു പ്രേംകുമാർ. ജോയ്സ് ജോർജ് എംപി ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമി വിവാദത്തിൽ ശ്രീറാം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങാതിരുന്നതിനെത്തുടർന്ന് പ്രേംകുമാറിനെ ഒടുവിൽ ദേവികുളം സബ് കളക്ടർ പദവിയിൽ നിന്ന് ഇപ്പോൾ മാറ്റുകയും ചെയ്തു.
ഒരു വർഷവും മൂന്നുമാസവും ഭൂമാഫിയയെ കിടുകിടാ വിറപ്പിച്ച ശേഷമാണ് പ്രേംകുമാർ മൂന്നാർ ഇറങ്ങിയത്.