play-sharp-fill
വി.എസിന്റെ പൂച്ചയുമല്ല; ശ്രീറാം എന്ന പുലിയുമല്ല: പ്രളയത്തിൽ തകർന്ന മൂന്നാറിനെ തിരികെ പിടിക്കാൻ സബ് കളക്ടർ രേണു രാജ് ഇറങ്ങുന്നു: കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുമായി രേണു

വി.എസിന്റെ പൂച്ചയുമല്ല; ശ്രീറാം എന്ന പുലിയുമല്ല: പ്രളയത്തിൽ തകർന്ന മൂന്നാറിനെ തിരികെ പിടിക്കാൻ സബ് കളക്ടർ രേണു രാജ് ഇറങ്ങുന്നു: കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുമായി രേണു

സ്വന്തം ലേഖകൻ

മൂന്നാർ: കഴിഞ്ഞ വർഷത്തെ കൊടും പ്രളയവും ഇത്തവണത്തെ പെരുമഴയും തകർത്ത മൂന്നാറിനെ തിരികെ പിടിക്കാൻ വി.എസിന്റെ പൂച്ചകളും ശ്രീറാം എന്ന പുലിയും തോറ്റിടത്ത് ഒരു പെൺസിംഹം ഇറങ്ങുന്നു. നിലവിലെ മൂന്നാർ സബ് കളക്ടർ രേണു രാജാണ് കയ്യേറ്റ മാഫിയക്കെതിരെ പടപൊരുതാൻ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
മൂന്നാറിൽ പുഴയോര കയ്യേറ്റങ്ങൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദേവികുളം സബ് കലക്ടർ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സൃഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകും. ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണു തീരുമാനമെന്നും രേണുരാജ് പറഞ്ഞു. മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. അശാസ്ത്രീയമായ നിർമ്മാണങ്ങളും പുഴ കയ്യേറ്റവുമാണു മൂന്നാറിലെ വെള്ളപ്പൊക്കത്തിനു കാരണമെന്നു വിമർശനം ഉയർന്നിരുന്നു.


മൂന്നാർ ടൗണിലും പഴയ മൂന്നാറിലും പുഴയുടെ ഒഴുക്കിനു തടസം സൃഷ്ടിക്കുന്ന നിർമ്മാണങ്ങൾ പൊളിച്ചുനീക്കും. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാൻ മൂന്നാർ തഹസിൽദാറെ നിയോഗിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും. ചെറിയൊരു മഴയിൽപ്പോലും മൂന്നാർ ടൗണിലും പഴയമൂന്നാറിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് അനധികൃത കയ്യേറ്റം കാരണമെന്നാണു റവന്യുവകുപ്പിന്റെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ കാലവർഷത്തിൽ, പെരിയവാര പാലവും ആറ്റുകാട് പാലവും മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പഴയമൂന്നാർ പൂർണ്ണമായി വെള്ളത്തിലായി. ദേശീയപാതയിലടക്കം പുഴവെള്ളം നിറഞ്ഞതോടെ ഗാതാഗതം പൂർണ്ണമായി നിലച്ചു. പേമാരിയിൽ കന്നിമലയാറും മാട്ടുപ്പെട്ടിയാറും മുതിരപ്പുഴയും കരകവിഞ്ഞതാണ് മൂന്നാർ വീണ്ടും പ്രളയത്തിലാകാൻ കാരണം.

കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാർ -ഉടുമൽപ്പെട്ട അന്തർ സ്ഥാനപാത എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചതോടെ മൂന്നാർ ഒറ്റപ്പെട്ട് പോയിരുന്നു. കന്നമലയാർ കരകവിഞ്ഞതോടെ പെരിവാര പാലം ഒലിച്ചുപോയി. പഴയമൂന്നാറിൽ കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ദേശീയപാതയിൽ പുഴവെള്ളം കയറിയതാണ് ഗതാഗതം പൂർണ്ണമായി നിലയ്ക്കാർ ഇടയാക്കി. തൊഴിലാളികൾ യാത്രചെയ്യുന്ന എസ്റ്റേറ്റിലേക്കുള്ള പോക്കറ്റ് റോഡുകളിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഒറ്റപ്പെട്ട് പോയിരുന്നു. ഇതാണ് പുഴയോര കയ്യേറ്റങ്ങൾക്ക് കർശനമായി കടിഞ്ഞാണിടാൻ സർക്കാർ തീരുമാനിച്ചത്.

നേരത്തെ പഴയ മൂന്നാർ ബസ്സ്റ്റാൻഡിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിൽ റവന്യു വകുപ്പ് നിയമലംഘനം കണ്ടെത്തിയതോടെ സബ് കളക്ടർ നടപടി സ്വീകരിച്ചതിനെതിരെ എംഎൽഎ അടക്കമുള്ളവർ രംഗത്ത് വന്നത് വിവാദമായിരുന്നു. മൂന്നാർ മേഖലയിലെ ഏഴു വില്ലേജിൽ നിർമ്മാണനിരോധനം നിലവിലുണ്ട്. ചെറിയ വീടുകൾക്കു മാത്രമാണ് ഇതിൽ ഇളവുള്ളത്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ ഇളവിൽപ്പെടുന്നില്ല. ഹൈക്കോടതിയുടെ ഈ ഉത്തരവു നിലനിൽക്കേയാണ് പഞ്ചായത്ത് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണവുമായി മുന്നോട്ടുപോയതും, അതു നിർത്തിവെക്കാൻചെന്ന റവന്യൂസംഘത്തെ ആളെക്കൂട്ടി തടഞ്ഞതും. ഈ ആൾക്കൂട്ടത്തിന് ഭരണകക്ഷിയായ എൽ.ഡി.എഫിന്റെ എംഎൽഎ. നേതൃത്വം നൽകിയതാണ് വിവാദമായത്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടനിർമ്മാണത്തിന് എൻഒസി.യും കിട്ടിയിരുന്നില്ല. റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമോയും അവഗണിച്ചായിരുന്നു പഞ്ചായത്തിന്റെ കെട്ടിടനിർമ്മാണം. നദീതീരത്ത് അമ്ബതുമീറ്ററിനുള്ളിൽ കെട്ടിടം പണിയാൻ പാടില്ലെന്ന നിയമവും ലംഘിച്ചു. പ്രളയത്തിൽ വെള്ളം കയറിയ ഭാഗമാണിത്. ഏതായാലും ഇനി പിടിമുറുക്കാൻ തന്നെയാണ് രേണുരാജിന്റെ തീരുമാനം.

2007 ൽ വിഎസിന്റെ നേതൃത്വത്തിൽ സുരേഷ് കുമാർ, ഋഷിരാജ് സിങ്, രാജുനാരായണ സ്വാമി എന്നിവരുടെ മേൽനോട്ടത്തിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കാനുള്ള മൂന്നാർ ഓപ്പറേഷൻ പാതി വഴിയിൽ നിർത്തേണ്ടി വന്നു. സിപിഎം-സിപിഐ ജില്ലാ നേതൃത്വങ്ങളുടെ എതിർപ്പാണ് വിഎസിനെയും മൂന്നുപൂച്ചകളെയും തളർത്തിയത്. പിന്നീട് ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി എടുത്തതും വാർത്തയായി. എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നതെങ്കിലും, പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്ന എതിർപ്പുകളാണ് പലപ്പോഴും മൂന്നാർ ഓപ്പറേഷനുകളെ തകർത്തത്.