കൂടെക്കൂടെ പാരസെറ്റമോള്‍ കഴിക്കുന്നത് ഒരു ശീലമാക്കിയവരാണോ നിങ്ങൾ ; എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
സ്വന്തം ലേഖകൻ
മിക്ക വീടുകളിലും എപ്പോഴും കാണുന്നൊരു മരുന്നാണ് പാരസെറ്റമോള്‍. ഒരു പനി വന്നാലോ, തലവേദന വന്നാലോ എല്ലാം ആദ്യം ഓടുക, പാരസെറ്റമോള്‍ കഴിക്കാനായിരിക്കും. അധികപേരും മാസത്തില്‍ എത്ര പാരസെറ്റമോള്‍ കഴിക്കുന്നുണ്ട് എന്ന കണക്ക് പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
എന്നാല്‍ ഇങ്ങനെ കണക്കില്ലാതെ പാരസെറ്റമോള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. നേരത്തേ തന്നെ ഇക്കാര്യം ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ പറയുന്നതാണ്. ഇപ്പോഴിതാ പുതിയൊരു പഠനം പറയുന്നത് പതിവായി പാരസെറ്റമോള്‍ കഴിക്കുന്നവരില്‍ ക്രമേണ ഇതിനാല്‍ കരള്‍ രോഗം പിടിപെടാമെന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ ശ്രദ്ധ ലഭിക്കുകയാണ് ഈ പഠനറിപ്പോര്‍ട്ടിന്. ‘എഡിൻബര്‍ഗ് യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകരാണ് പാരസെറ്റമോളിന്‍റെ ഈ പരിണിതഫലത്തെ കുറിച്ച് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
കൂടെക്കൂടെ പാരസെറ്റമോള്‍ കഴിക്കുന്നത് ഒരു ശീലമാക്കിയവരില്‍ പതിയെ കരളിലെ കോശങ്ങള്‍ പ്രശ്നമാകുമത്രേ. പിന്നെ കരളിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായും അല്ലാതെയുമെല്ലാം മുടങ്ങുന്നു. ഒടുവില്‍ ‘ലിവര്‍ ഫെയിലിയര്‍’ സംഭവിക്കുന്നു. 2006ല്‍ ‘ദ ബിഎംജെ ‘ എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനപ്രകാരം പാരസെറ്റമോള്‍ ഓവര്‍ ഡോസ് ആകുന്നത് ‘ലിവര്‍ ഫെയിലിയര്‍’ലേക്ക് നയിക്കുമെന്ന് തന്നെയാണ്.
2023ലും സമാനമായൊരു പഠനം പുറത്തുവന്നിരുന്നു. ഇത് പാരസെറ്റമോള്‍ മാത്രമല്ല വിവിധ പെയിൻ കില്ലറുകള്‍ പതിവായി കഴിക്കുന്നതും കരളിനെ ബാധിക്കുമെന്നായിരുന്നു കണ്ടെത്തിയത്.
പാരസെറ്റമോള്‍ ഗുളിക നേരിട്ടല്ല കരളിനെ പ്രശ്നത്തിലാക്കുന്നതത്രേ. പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ആണ് കരളിനെ പ്രശ്നത്തിലാക്കുന്നതിലേക്ക് തിരിയുന്നത്.
ഇക്കാരണങ്ങള്‍ കൊണ്ട് പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ട കാര്യമില്ല. ഇതിന്‍റെ അളവ് അഥവാ ഡോസ് കൂടുന്നതാണ് പ്രശ്നം. അതിനാല്‍ പാരസെറ്റമോള്‍ കഴിക്കും മുമ്പ് ഇതൊരു ശീലമായതിന്‍റെ പേരില്‍ കഴിക്കുകയാണോ, അതോ യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ എന്ന് സ്വയം പരിശോധിക്കുക. ഡോക്ടറുടെ നിര്‍ദേശം തേടാൻ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും ഉചിതം.