പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ എല്ലാവിധ പോലീസ് സുരക്ഷാ ക്രമീകരണങ്ങളും സജ്ജം; സുരക്ഷയ്ക്കായി അണിനിരക്കുന്നത് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ എല്ലാവിധ പോലീസ് സുരക്ഷാ ക്രമീകരണങ്ങളും സജ്ജം; സുരക്ഷയ്ക്കായി അണിനിരക്കുന്നത് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവിധ പോലീസ് സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. പുതുപ്പള്ളിയിൽ ഈ മാസം അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാസംവിധാനമാണ് ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 5 ഡി.വൈ.എസ്.പി മാരെ ഉൾപ്പെടുത്തി ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കേന്ദ്രസേനയിലെയും, സായുധ സേനയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഏഴ് എസ്.എച്ച്.ഓ മാര്‍ ഉൾപ്പെടുന്ന ടീമിനെ നിയോഗിച്ചിരിക്കുന്നത്.

നിലവിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരേ കൂടാതെ പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രീകരിച്ച് പരിശോധനക്കായി പ്രത്യേകം പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

പുതുപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രാത്രികാല പെട്രോളിങും, ഇതുകൂടാതെ മണ്ഡലത്തിന്റെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ജില്ലാ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തിവരുന്നു.

അനധികൃത മദ്യ വില്പനയും മറ്റും തടയുന്നതിനായി പ്രത്യേകം മഫ്റ്റി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷയ്ക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും.

അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം സ്ട്രൈക്കിംഗ് ഫോഴ്സിനെ സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ ചെയ്യേണ്ട ഡ്യൂട്ടികളെകുറിച്ച് പ്രത്യേക പരിശീലനവും മുന്‍പേ തന്നെ നൽകിക്കഴിഞ്ഞതായും എസ്.പി പറഞ്ഞു.