play-sharp-fill
ആച്ചി മുളക് പൊടിയിൽ കീടനാശിനി: ആച്ചി ബ്രാൻഡ് മുളക് പൊടി കേരളത്തിൽ നിരോധിച്ചു; മുളകുപൊടിയിൽ കണ്ടെത്തിയത് ആരോഗ്യത്തിന് ഹാനികരമാകുന്ന കീടനാശിനികൾ

ആച്ചി മുളക് പൊടിയിൽ കീടനാശിനി: ആച്ചി ബ്രാൻഡ് മുളക് പൊടി കേരളത്തിൽ നിരോധിച്ചു; മുളകുപൊടിയിൽ കണ്ടെത്തിയത് ആരോഗ്യത്തിന് ഹാനികരമാകുന്ന കീടനാശിനികൾ

സ്വന്തം ലേഖകൻ

കൊച്ചി: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിന്റെ വിപണിപിടിക്കാൻ എത്തിയ ആച്ചി കമ്പനിയുടെ മുളകുപൊടിയിൽ മാരകമായ കീടന നാശിനികൾ എന്ന് റിപ്പോർട്ട്. മുളകുപൊടിയുടെ സാമ്പിളിൽ മാരകമായ കീടനാശിനികളായ ഇത്തിയോൺ, പ്രൊഫെനോഫോസ് എന്നീ കീടനാശിനികൾ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ആച്ചി മുളകുപൊടി നിരോധിച്ച് തൃശൂർ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണർ ഉത്തരവ് പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും ആച്ചി മുളക് പൊടിയ്ക്ക് നിരോധനം പ്രാബല്യത്തിൽ വരും.
തൃശൂരിൽ വിൽപ്പന നടത്തിയ ആച്ചി മുളക് പൊടിയിലാണ് അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് അധികൃതർ പരിശോധന നടത്തുകയായിരുന്നു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് അനുസരിച്ച് പരാതി ഉയർന്ന ആച്ചിയുടെ സാമ്പിളുകൾ പിടിച്ചെടുത്തു. തുടർന്ന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരം ആച്ചിയുടെ സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസറാണ് മുളകുപൊടിയുടെ സാമ്പിൾ പരിശോധിച്ചത്. തുടർന്ന് ഫുഡ് അനലിസ്റ്റ് ആർഎഎൽ കൊച്ചി പരിശോധനാ റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നൽകി. ഇതോടെയാണ് ആച്ചി മുളക് പൊടി നിരോധിക്കാൻ ഉത്തരവ് പുറത്തിറക്കിയത്.
തമിഴ്‌നാട്ടിൽ നിന്നാണ് ആച്ചി മസാല കേരളത്തിൽ എത്തുന്നത്. തമിഴ്‌നാട്ടിലെ മുളക് പൊടിച്ചപ്പോൾ ഇതിലുള്ള രാസവസ്തുക്കൾ മുളകുപൊടിയ്ക്കുള്ളിൽ കലർന്നതാണ് എന്നാണ് സൂചന. ഇതേ തുടർന്നാണ് രാസവസ്തുക്കൾ കണ്ടെത്തിയത്. തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ആച്ചി മസാല നിരോധിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്.