ആര്‍.സി.ഇ.പി കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം : ജോസ് കെ.മാണി എം.പി

ആര്‍.സി.ഇ.പി കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം : ജോസ് കെ.മാണി എം.പി

സ്വന്തം ലേഖകൻ
കോട്ടയം : ഇന്ത്യയുടെ കാര്‍ഷിക വ്യവസായ മേഖലകളെ ശവപ്പറമ്പാക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) ഒപ്പിടാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. കരാറിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം. കേരളാ കോണ്‍ഗ്രസ്സ് (എം) അന്‍പത്തിയഞ്ചാം ജന്മദിനത്തില്‍ കരാറിനെതിരെ കോട്ടയം ഹെഡ്‌പോസ്റ്റോഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭയാനകമായ കാര്‍ഷിക ദുരന്തത്തിലേക്ക് രാജ്യത്തെ നയിക്കുന്ന കരാര്‍ നികുതി രഹിത ഇറക്കുമതിയാണ് മുന്നോട്ടുവെയ്ക്കുന്നത്. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിയുടെ മഹാപ്രളയമുണ്ടാകുന്നതോടെ ഇന്ത്യയുടെ കാര്‍ഷിക വ്യവസായിക മേഖലകള്‍ തകര്‍ന്നു തരിപ്പണമാകും. കരാര്‍ നടപ്പായാല്‍ വിത്തിനങ്ങളുടെ വിതരണവും കുത്തകകള്‍ക്ക് തീറെഴുതുന്ന നവീന സസ്യ സംരക്ഷണ ഉടമ്പടി (കണ്‍വന്‍ഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ്) സ്വീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാവും. 2018 നവംബറില്‍ ചരല്‍ക്കുന്നില്‍ച്ചേര്‍ന്ന സംസ്ഥാന ക്യാമ്പിന്റെ തീരുമാനപ്രകാരം കേരളാ കോണ്‍ഗ്രസ്സ് (എം) പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കുകയും പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെയും,  സംസ്ഥാനങ്ങളുമായോ ഈ മേഖലകളിലെ വിദഗ്ധരുമായോ ആലോചനകള്‍ നടത്താതെയും തികച്ചും ജനാധിപത്യവിരുദ്ധമായി കരാര്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ ബാങ്കോക്കില്‍ കരാറിന് അന്തിര രൂപം നല്‍കുന്നതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള 16 രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാര്‍ സമ്മേളിക്കുകയാണ്. നവംബറിലെ ആസിയാന്‍ ഉച്ചകോടിയില്‍ കരാര്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെടും. കരാറിനെതിരായി മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭത്തിന് രൂപം നല്‍കും. മാര്‍ച്ചില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മാര്‍ച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, പി.ടി ജോസ്, ജോസഫ് എം.പുതുശ്ശേരി എക്‌സ് എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, ഇ.ജെ അഗസ്തി, എം.എസ് ജോസ്, കെ.ഐ ആന്റണി, ജോബ്  മൈക്കിള്‍, ബാബു ജോസഫ്, ബേബി ഉഴുത്തുവാല്‍, ബെന്നി കക്കാട്, മുഹമ്മദ് ഇക്ക്ബാല്‍, ഉഷാലയം ശിവരാജന്‍, പ്രമോദ് നാരായണ്‍, പ്രിന്‍സ് ലൂക്കോസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സാജന്‍ തൊടുക, ജോസ് പുത്തന്‍കാലാ, നിര്‍മ്മലാ ജിമ്മി, ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു.