ഓർമ്മകളിൽ എന്നെന്നും ഒറ്റക്കമ്പിനാദം..! ഹൃദയ രാഗങ്ങളുടെ ചക്രവർത്തി  നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് കടന്നുപോയിട്ട് 18 വർഷം

ഓർമ്മകളിൽ എന്നെന്നും ഒറ്റക്കമ്പിനാദം..! ഹൃദയ രാഗങ്ങളുടെ ചക്രവർത്തി നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് കടന്നുപോയിട്ട് 18 വർഷം

സ്വന്തം ലേഖകൻ

നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് കടന്നുപോയ രവീന്ദ്രൻ മാസ്റ്റർ ഓർമയായിട്ട് 18 വർഷം. നികത്താനാകാത്ത നഷ്ടം എന്ന വാക്കിനെ അർഥപൂർണമാക്കുന്നതായിരുന്നു രവീന്ദ്രൻ മാസ്റ്ററുടെ വേർപാട്. സംഗീത ലോകത്ത് അതുല്യരായ പ്രതിഭകൾ അനവധിയുള്ള മലയാളത്തിൽ മാസ്റ്ററുടെ സംഗീതം തീർത്തത് വേറിട്ട ഈണങ്ങളും അതിൽ നിന്നുണരുന്ന മയാത്ത ഓർമ്മകളുമാണ്.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പരേതരായ മാധവൻ – ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസി(ചെന്നൈ)ലെത്തി. അക്കാലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്.

എം എസ് ബാബുരാജ് കൈപിടിച്ചു കൊണ്ടുവന്ന കുളത്തൂപ്പുഴ രവി മലയാള സംഗീതത്തിന്റെ മാസ്റ്ററായതിന് പിന്നിൽ ദാരിദ്ര്യത്തിന്റെയും പാട്ടിനോടുള്ള അടങ്ങാത്ത ദാഹത്തിന്റെയും കഥയുണ്ട്. ബാല്യവും യൗവനവും ജീവിച്ചുതീർക്കാൻ വീർപ്പുമുട്ടിയിരുന്ന കാലത്തും ആകെയുള്ള തണൽ നെഞ്ചിനുള്ളിലെ സംഗീതമായിരുന്നു.

“വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.

ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു. 1979-ൽ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീതസംവിധായകനായി.[5] സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി. ” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്കാരം നേടി.

അവസാന കാലത്ത് അർബുദ ബാധയെത്തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടി.വി. ചാനലുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു രവീന്ദ്രൻ. 2005 മാർച്ച് 3-ന് വൈകീട്ട് 3:30ന് ചെന്നൈയിലെ വീട്ടിൽ വച്ചാണ് രവീന്ദ്രൻ അന്തരിച്ചത്. മരണത്തിന് ഏതാനും ദിവസം മുമ്പ് അർബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മൃതദേഹം ചെന്നൈയിൽ തന്നെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളായ വടക്കുന്നാഥൻ, കളഭം എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.