റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ‘തെളിമ’ പദ്ധതിയിൽ 15 വരെ അപേക്ഷ നൽകാം; അറിയാം വിശദ വിവരങ്ങൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ‘തെളിമ’ പദ്ധതിയിൽ 15 വരെ അപേക്ഷ നൽകാം. ആധാർ നമ്പർ ലിങ്ക് ചെയ്യുന്നതിനും അപേക്ഷിക്കാം. തെറ്റ് തിരുത്തലിനുള്ള അപേക്ഷകൾ റേഷൻകടകൾക്ക് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്‌സുകളിൽ നിക്ഷേപിക്കാവുന്നതാണ്.
കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രിയിൽ ഉണ്ടായ തെറ്റുകൾ തിരുത്താനും പദ്ധതിയിലൂടെ സാധിക്കും. അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം, തൊഴിൽ, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകളും എൽപിജി വിവരങ്ങളിലെ തെറ്റുകളും തിരുത്താം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവ് തുടങ്ങിയ വിവരങ്ങളും ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക് പദ്ധതിയിലൂടെ അധികൃതരെ അറിയിക്കാം.
എന്നാൽ റേഷൻ കാർഡ് തരംമാറ്റൽ, കാർഡിൽ രേഖപ്പെടുത്തിയിട്ടുളള വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ തെളിമ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റായ https://ecitizen.civilsupplieskerala.gov.in/ വഴിയും കാർഡ് പുതുക്കാനുള്ള അപേക്ഷകൾ നൽകാം.