പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചങ്ങരംകുളം: പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെയാണ് (22) പിടികൂടിയത്. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന പ്രതി പിന്നീട് ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത് ഭീഷണി തുടര്‍ന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ഈ യുവതിയെയും ഭീഷണിപ്പെടുത്തി. ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എടപ്പാളില്‍നിന്ന് കാര്‍ തടഞ്ഞാണ് പിടികൂടിയത്.
സീനിയര്‍ സി.പി.ഒ സനോജ്, സി.പി.ഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും.