play-sharp-fill
രണ്ടും കൽപിച്ച് തമിഴ് എംപിമാർ ; തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഇല്ലാതാകുമോ ;  റെയിൽവെ ബജറ്റിൽ കേരളത്തെ തഴയുന്നത് തലപ്പത്താരും ഇല്ലാഞ്ഞിട്ടോ ?

രണ്ടും കൽപിച്ച് തമിഴ് എംപിമാർ ; തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഇല്ലാതാകുമോ ; റെയിൽവെ ബജറ്റിൽ കേരളത്തെ തഴയുന്നത് തലപ്പത്താരും ഇല്ലാഞ്ഞിട്ടോ ?

സ്വന്തം ലേഖിക

തിരുവനന്തപുരം : കേന്ദ്രത്തിൽ ഏതു സർക്കാർ വന്നാലും പോയാലും മറക്കാതെ ചെയ്യുന്ന ഒരു കാര്യമുണ്ട്. റെയിൽ ബഡ്ജറ്റ് വരുമ്പോൾ നൈസായി കേരളത്തെ അങ്ങ് തഴയുക എന്നത്. മറ്റു സംസ്ഥാനങ്ങൾ വാരിക്കോരി വികസന പദ്ധതികളും സൗകര്യങ്ങളും അനുവദിക്കുമ്പോൾ നമ്മുടെ കൊച്ചുകേരളത്തെ കണ്ട ഭാവം നടിക്കാറില്ല ഈ മാറി വരുന്ന സർക്കാരുകൾ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി എന്നു പറയാറില്ലേ അതുപോലൊന്ന് സംഭവിക്കുമോയെന്ന ആശങ്കയിലാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള റെയിൽവേ ഡിവിഷൻ.


കാരണം, തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് എം.പിമാർ. മുൻപ് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരിയും നാഗർകോവിലുമെല്ലാം റെയിൽവേ ഭൂപടത്തിൽ തിരുവനന്തപുരത്തിന്റെ ഭാഗമാണ്. ഇത് മുറിച്ച് മാറ്റി തമിഴ്‌നാട്ടിലെ മധുര ഡിവിഷനിലെ തിരുനെൽവേലിയിലെ പുതിയ ഡിവിഷനിലേക്ക് കൊണ്ടു പോകാനാണ് നീക്കം. ഇത് ഫലത്തിൽ തിരുവനന്തപുരം ഡിവിഷനെ ഇല്ലാതാക്കുന്നതിൽ എത്തമോ എന്നാണ് ആശങ്ക. തിരുവനന്തപുരം, കൊല്ലം മേഖലകളെ ചുറ്റിയാണ് ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണറെയിൽവേയുടെ പുതിയ വികസനപദ്ധതികളെന്ന് ആശങ്കയുണ്ട്. ഇത് മധുരയെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ വരുന്നതോടെ തമിഴ്‌നാട് കേന്ദ്രീകരിച്ച് റെയിൽവേയുടെ ലാഭത്തിലുള്ള പ്രവർത്തനമെന്ന റിപ്പോർട്ടാണ് ലഭ്യമാകുക. കേരളത്തിലെ റെയിൽവേ വികസനം സ്ഥലപരിമിതിയിലും രാഷ്ട്രീയ താത്പര്യങ്ങളിലും മന്ദീഭവിക്കുകയാണെന്നും റെയിൽവേ വികസനത്തിന് കൂടുതൽ സാധ്യതകളില്ലെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ തിരുവനന്തപുരത്ത് നടന്ന തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എം.പിമാരുടെ യോഗത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള എം.പിമാരാണ് പരസ്യമായി ഈ ആവശ്യം ഉന്നയിച്ചത്. ഇതോടെ ഈ നീക്കം ശക്തമായെന്നാണ് സൂചന. നേരത്തേ കേന്ദ്രസർക്കാരിന് ഈ ആവശ്യം നിവേദനമായി തമിഴ്‌നാട്ടിലെ എം.പി.മാർ ഉന്നയിച്ചിരുന്നു.

നിലവിൽ തിരുവനന്തപുരം ഡിവിഷൻ വടക്കോട്ട് തൃശൂർ വള്ളത്തോൾനഗർവരെയും തെക്കോട്ട് തമിഴ്‌നാട്ടിലെ തിരുനെൽവേലി സ്റ്റേഷൻ ഔട്ടർവരെയുമാണ്. ഇതിൽ കേരളത്തിന്റെ അതിർത്തി സ്റ്റേഷനായ നേമത്തുനിന്ന് തെക്കോട്ട് തിരുനെൽവേലിഭാഗം മധുര ഡിവിഷനിലേക്ക് മാറ്റാനാണ് ആലോചന. പകരം മധുര ഡിവിഷന്റെ ഭാഗമായ കൊല്ലം ചെങ്കോട്ട ലൈൻ തിരുവനന്തപുരം ഡിവിഷനിലേക്ക് മാറ്റാനുള്ള പഴയ റിപ്പോർട്ട് പൊടിതട്ടിയെടുത്താണ് പുതിയ നീക്കം. ചെങ്കോട്ട ലൈനിൽ ആര്യങ്കാവാണ് കേരള അതിർത്തി. മീറ്റർ ഗേജിൽനിന്ന് ബ്രോഡ് ഗേജായി മാറിയ കൊല്ലം ചെങ്കോട്ട പാത നിലവിൽ ഒട്ടേറെ പരാതികൾക്കിടയിലാണ്. കൂടാതെ വരുമാനവുമില്ല. ബ്രോഡ്ഗേജിലൂടെ ആഴ്ചയിൽ രണ്ടുദിവസം സർവീസ് നടത്തുന്ന താംബരം എക്‌സ്പ്രസ് മാത്രമാണുള്ളത്. അതും ചെന്നൈയിൽ എത്തുന്നതുമില്ല.

തീരെ വരുമാനം കുറഞ്ഞ ചെങ്കോട്ടപാത തിരുനെൽവേലിക്ക് പകരമായി കിട്ടുന്നതുകൊണ്ട് തിരുവനന്തപുരം ഡിവിഷന് വികസനവും സാമ്പത്തിക നേട്ടവുമാകില്ല. നേമംമുതൽ തിരുനെൽവേലിവരെ തിരുവനന്തപുരം ഡിവിഷനിൽനിന്ന് അടർത്തിയെടുത്ത് തത്കാലം മധുരയിൽ ചേർക്കുകയും വൈകാതെ തിരുനെൽവേലി ഡിവിഷൻ നടപ്പാക്കുകയുമാണ് ലക്ഷ്യം. റെയിൽവേതലപ്പത്ത് കേരളത്തിനവേണ്ടി വാദിക്കാൻ ആരുമില്ലാത്തതാണ് പ്രശ്‌നം. തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തെ നേരത്തെ കേരളത്തിലെ എം.പിമാർ ഒറ്റക്കെട്ടായി എതിർത്തിരുന്നു.