
കോട്ടയം : കോൺഗ്രസിനോട്ഇടഞ്ഞുനിൽക്കുന്ന പ്രവർത്തകരെ
തന്ത്രപരമായ നീക്കത്തിലൂടെ ഒപ്പം നിർത്താൻ പദ്ധതിയിട്ട് ബിജെപി.
ഇതിൻ്റെ ഭാഗമായി മുസ്ലീംലീഗ് നോമിനിയെ ആണ് കോണ്‍ഗ്രസ്സ് കേരളത്തില്‍ മുഖ്യമന്ത്രി ആക്കിയതെന്ന പ്രചരണം ദേശീയ തലത്തിലും ബി.ജെ.പി തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ തന്നെ മൂന്ന് സീറ്റില്‍ വിജയിച്ച ബി.ജെ.പി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാൻ കഴിയുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപക്ഷത്തെ വലിയ തോല്‍വിയിലേക്ക് നയിച്ച പിണറായി വിജയനെ തന്നെ സി.പി.എം പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് ഇടതുപക്ഷത്തെ പിറകോട്ടടിപ്പിക്കുമെന്ന വിലയിരുത്തലും ബി.ജെ.പി നേതൃത്വത്തിനുണ്ട്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും അടർത്തിയെടുത്ത സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള സീനിയർ
നേതാക്കളെ മുൻനിർത്തി ഭരണം പിടിച്ച മോഡലില്‍, കേരളത്തിലും കോണ്‍ഗ്രസ്സില്‍ നിന്നും ഇടതുപക്ഷത്ത് നിന്നും നേതാക്കളെ അടർത്തിയെടുത്ത് അധികാരം പിടിക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പദ്ധതി തയ്യാറാക്കുന്നത്.
കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്ന രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം തന്നെ രംഗത്തിറങ്ങിയതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
കേന്ദ്ര മന്ത്രിസഭയില്‍ പ്രധാന പദവി വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തലയെയും കൂടെ ഉള്ളവരെയും ഒപ്പം കൂട്ടാൻ കഴിയുമോ എന്നാണ് ബി.ജെ.പി നേതൃത്വം നോക്കുന്നത്.
പശ്ചിമ ബംഗാള്‍ ഭരണം പിടിച്ച ബി.ജെ.പിയുടെ അടുത്ത ടാർഗറ്റ് കേരളമാണ്. ഇതിനായി എന്തും ചെയ്യുമെന്ന നിലപാടിലാണ് ബി.ജെ.പി ദേശീയ നേതൃത്വമുള്ളത്. അതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം.
ഇതിനായി ഉടൻ തന്നെ രമേശ് ചെന്നിത്തലയുമായി ബി.ജെ.പി നേതൃത്വം ബന്ധപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.
2029-ല്‍ ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാൻ എല്ലാ സാധ്യതയും ഉണ്ട്.
അങ്ങനെയെങ്കില്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയ്ക്ക് മുന്നിലുള്ളത് 3 വർഷം മാത്രമായിരിക്കും. ഈ ചെറിയ കാലയളവിനുള്ളില്‍ പരമാവധി ഘടക കക്ഷികളെ ഒപ്പം കൂട്ടാനും ബി.ജെ.പി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിനായി നടത്തുന്ന നീക്കവും ഇതിൻ്റെ ഭാഗമാണ്. ജോസ് കെ മാണിക്കും കേന്ദ്ര മന്ത്രി പദവി ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതു പോലെ ‘ഓപ്പറേഷൻ താമര’ കേരളത്തില്‍ നടപ്പാക്കാൻ പറ്റിയ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.
അതേസമയം, കോണ്‍ഗ്രസ്സ് നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ ഒപ്പം നിർത്താൻ കോണ്‍ഗ്രസ്സ് ഹൈക്കമാൻ്റ് തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കി ഒപ്പം നിർത്താനാണ് ശ്രമം.
എന്നാല്‍ ഒരു കാരണവശാലും ആഭ്യന്തര വകുപ്പ് വിട്ടു കൊടുക്കാൻ കഴിയില്ലന്ന നിലപാടിലാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുള്ളത്.
സതീശൻ്റെ ഈ പിടിവാശിയില്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്‌തിയുണ്ട്.
മുഖ്യമന്ത്രി സ്ഥാനം നല്‍കി കഴിഞ്ഞാല്‍, മറ്റു മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തില്‍ സതീശൻ ഇടപെടുന്നത് ശരിയല്ലന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വമുള്ളത്.
ഇതിനിടെ, മന്ത്രിസഭയിലെ മറ്റ് കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ നിയമനത്തില്‍ പിടിമുറുക്കി മേധാവിത്വം ഉറപ്പിക്കാനാണ് കെ സി വേണുഗോപാലിൻ്റെയും രമേശ് ചെന്നിത്തലയുടെയും വിഭാഗങ്ങള്‍ ശ്രമിക്കുന്നത്.
എ ഗ്രൂപ്പും അവരുടേതായ ചില പേരുകള്‍ മന്ത്രിസഭയിലേക്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധമായ കൂടുതല്‍ ചർച്ചകള്‍ രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ തീരുമാനമായാല്‍ ഉടൻ ഉണ്ടാകും.
പാർട്ടിക്ക് വഴങ്ങി എല്ലാ കാലത്തും ഒപ്പം നിന്ന രമേശ് ചെന്നിത്തല പാർട്ടി വിടുന്ന ഒരു സാഹചര്യവും ഉണ്ടാക്കരുതെന്ന കർശന നിർദ്ദേശം ഹൈക്കമാൻ്റ് നിരീക്ഷകർക്ക് ഉള്‍പ്പെടെ രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ കാലം മുതല്‍ ചെന്നിത്തലയെ നേരിട്ട് അറിയാവുന്ന സോണിയ ഗാന്ധിയും പുതിയ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്‌തിയിലാണ് ഉള്ളതെന്നാണ് പ്രമുഖ ദേശീയ മാധ്യമവും റിപ്പോർട്ട് ചെയ്യുന്നത്







