Spread the love

കടുത്തുരുത്തി: ഭാര്യയുടെ പേരില്‍ കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ആവശ്യപ്പെട്ടിട്ടും തിരിച്ച്‌ നല്‍കിയില്ല.

video
play-sharp-fill

കുടുംബവുമായി ബാങ്കിനു മുന്നിലെത്തി ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം. മാന്നാർ മണലേല്‍ ബാബു തോമസാണ് മാന്നാറിലുള്ള ബാങ്ക് ഓഫീസിന് മുന്നില്‍ പെട്രോള്‍ ദേഹത്തൊഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വ്യാഴ്യാഴ്ച വൈകീട്ട് 3.45-ഓടെയാണ് സംഭവം. ഭാര്യ അനില ബാബുവിനും നാലു മക്കള്‍ക്കുമൊപ്പമാണ് ബാങ്കിലെത്തിയത്. അനില ബാബു നിക്ഷേപത്തുക ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാർ പണം നല്‍കാൻ തയ്യാറായില്ല. ഇതോടെ ഇവർ അവിടെ കുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് അടയ്ക്കുന്ന സമയത്ത് ബാങ്ക് അധികൃതർ പോലീസിനെ വിളിച്ചു വരുത്തി. ബാബുവിനെയും ഭാര്യയെയും അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. ഇതോടെ കൂടുതല്‍ പോലീസെത്തി. ഒപ്പം അഗ്‌നിരക്ഷാസേനയും എത്തി.

ബാബുവിനെ ബാങ്കില്‍ നിന്ന് നീക്കാനുള്ള ശ്രമത്തിനിടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ചു. കയ്യില്‍ കരുതിയ ലൈറ്റർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർ തടഞ്ഞ് ബാങ്കിന് വെളിയിലെത്തിച്ചു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ബാബുവിന്റെ ദേഹത്ത് വെള്ളം ഒഴിച്ചശേഷം ആദ്യം കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ബാങ്ക് അടച്ചെങ്കിലും ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു. ബാബുവിന്റെ ഭാര്യയെ പിന്നീട് ആശുപത്രിയിലാക്കി. കുട്ടികളെ ബന്ധുവിനെ വിളിച്ചുവരുത്തി പറഞ്ഞയച്ചു.

നാല് വർഷം മുമ്പ് കാർഷിക സഹകരണ ബാങ്കില്‍ നാല് ലക്ഷം രൂപ അനില ബാബു നിക്ഷേപിച്ചിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും വിവിധകാരണം പറഞ്ഞ് വൈകിപ്പിക്കുന്ന സമീപനമാണ് ബാങ്ക് സ്വീകരിച്ചതെന്ന് അനില പറഞ്ഞു. നിരവധി സ്ഥലത്ത് പരാതി നല്‍കിയിട്ടും പ്രയോജനം ലഭിക്കാതിരുന്നതിനെത്തുടർന്നാണ് ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.