
തൊടുപുഴ: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ ശുഭപ്രതീക്ഷയിൽ മലയോര ജില്ലയും.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഇടുക്കിയിലെത്തിയ അവസരങ്ങളിലെല്ലാം ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങൾ മനസിലാക്കാനും യു.ഡി.എഫ് വരുമ്പോൾ ഇവയ്ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നും സതീശൻ ഉറപ്പ് നൽകിയിരുന്നു.
യു.ഡി.എഫ് വന്നാൽ ആദ്യം പരിഹരിക്കുക ഇടുക്കിയിലെ ഭൂപ്രശ്നങ്ങളാണെന്ന് അദ്ദേഹം പലതവണ ആവർത്തിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജില്ലയിൽ ഏറെനാളായി പ്രതിസന്ധി സൃഷ്ടിക്കുന്ന നിർമ്മാണ നിരോധനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂചട്ടം ഭേഗഗതി ചെയ്ത് ഭൂമി ക്രമവത്കരിക്കുന്നതിന് ഇടത് സർക്കാർ നടപടി സ്വീകരിച്ചെങ്കിലും ഇതിന് വലിയ തുക ഫീസ് നൽകേണ്ടിവരുമെന്ന് പൊതുജനത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ പട്ടയം നൽകിയ ഭൂമിയിലെ കെട്ടിടങ്ങൾ ഫീസ് ഈടാക്കി റെഗുലറൈസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു സതീശൻ പറഞ്ഞിരുന്നത്. നേരത്തെ പണം നൽകിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. വീണ്ടും പണം ഈടാക്കുന്നത് പോക്കറ്റടിക്കുന്നതിന് തുല്യമാണ്. അതിന് യു.ഡി.എഫ് കൂട്ടു നിൽക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വന്യജീവി ആക്രമണം തടയാൻ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന പ്രതീക്ഷയും മലയോര ജനതയ്ക്കുണ്ട്.
വന്യജീവികളെ പ്രതിരോധിക്കാൻ പരമ്പരാഗത സംവിധാനങ്ങളും ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തുകയും വന്യജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടു വരികയും വേണമെന്ന് സതീശൻ പറഞ്ഞിരുന്നു.







