രാമപുരത്ത് ലോൺ – ലൈസൻസ് – സബ്സിഡി മേള സംഘടിപ്പിച്ചു; വിവിധ ബാങ്കുകളുടെ ഹെൽപ്പ് ഡെസ്ക്കുകളും മേളയുടെ ഭാഗമായി
സ്വന്തം ലേഖിക
രാമപുരം: രാമപുരം ഗ്രാമ പഞ്ചായത്തും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി രാമപുരത്ത് ലോൺ – ലൈസൻസ് – സബ്സിഡി മേള സംഘടിപ്പിച്ചു.
രാമപുരം പഞ്ചായത്ത് ഹാളിൽ നടന്ന മേള ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് അദ്ധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ബാങ്കുകളുടേയും വിവിധ വകുപ്പുകളുടേയും ഹെൽപ്പ് ഡെസ്ക്കുകളും, കൂടാതെ ലോണുകൾ, ലൈസൻസുകൾ എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കൽ, ഉദ്യം, കെ – സ്വിഫ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ രജിസ്ട്രേഷൻ എന്നിവയും മേളയിൽ ഉണ്ടായിരുന്നു.
2022 – 23 സാമ്പത്തിക വർഷം കേരള സർക്കാർ സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ഈ വർഷം ഒരുലക്ഷം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് മൂന്ന് മുതൽ നാല് ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ നൽകുവാൻ ഒരു ബൃഹത്തായ പദ്ധതിയ്ക്ക് തദ്ദേശ സ്വയം ഭരണം, സഹകരണം, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് നേതൃത്വം നൽകി വരികയാണ്.
ഈ ഉദ്യമത്തിന്റെ ഭാഗമായാണ് രാമപുരത്തും ഇത്തരം മേള സംഘടിപ്പിച്ചത്. പുതിയ സംരംഭകർക്ക് പഞ്ചായത്ത് ലൈസൻസ്, കെ – സ്വിഫ്റ്റ്, ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിറ്റക്കറ്റ്, ലോൺ സാക്ഷൻ എന്നിവയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ നിർവ്വഹിച്ചു.
ഈരാറ്റുപേട്ട വ്യവസായ വികസന ഓഫീസർ നിഷാമോൾ എ വി പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു. എസ് ബി ഐ സെയിത്സ് ആന്റ് ബി ഡി ചീഫ് മാനേജർ അജയകുമാർ പി, കേരള ഗ്രാമീൺ ബാങ്ക് ഓഫീസർ ജെയ്സ് ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്ക് രാമപുരം ശാഖാ മാനേജർ സെബിൻ അലക്സ് എന്നിവർ ലോൺ, സബ്സിഡി എന്നിവയെക്കുറിച്ച് വിശദീകരിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ആന്റണി മാത്യു, അമ്മിണി കെ എൻ, ഉഴവൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ രജനി ഇ എ, കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ സിന്ധു രമേശ് എന്നിവർ സംസാരിച്ചു.