പെരിയോറിനെതിരെ വിവാദ പരാമർശം: മാപ്പ് പറയില്ലെന്ന് നടൻ രജനീകാന്ത്

പെരിയോറിനെതിരെ വിവാദ പരാമർശം: മാപ്പ് പറയില്ലെന്ന് നടൻ രജനീകാന്ത്

 

സ്വന്തം ലേഖകൻ

ചെന്നൈ: പെരിയോറിനെതിരെ വിവാദ പരാമർശം മാപ്പ് പറയില്ലെന്ന് നടൻ രജനീകാന്ത്. പെരിയോറിനെ അപമാനിച്ചതിൽ രജനീകാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ തമിഴ്നാട്ടിൽ പലയിടങ്ങളിലും പ്രതിഷേധം നടക്കുമ്പോഴാണ് സംഭവത്തിൽ മാപ്പ് പറയില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്.

പെരിയോർ വിഷയത്തിൽ തെറ്റായ ഒരു കാര്യവും താൻ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങൾ മാത്രമാണ് പ്രസംഗത്തിൽ വ്യക്തമാക്കിയതെന്നും രജനീകാന്ത് പറഞ്ഞു. അക്കാലത്ത് മാസികയിൽ വന്ന കുറിപ്പുകൾ അടിസ്ഥാനമാക്കിയാണ് താൻ പ്രതികരിച്ചത്. അതിനാൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ ഒരുക്കമല്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ചെന്നൈയിൽ നടന്ന തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാർഷികാഘോഷ ചടങ്ങിൽ രജനി നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അന്ധവിശ്വാസങ്ങൾക്കെതിരേ 1971-ൽ പെരിയോറിന്റെ
നേതൃത്വത്തിൽ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടെയും നഗ്നമായ കോലം പ്രദർശിപ്പിക്കുകയും അതിൽ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്ന രജനിയുടെ പരാമർശമാണ് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചത്.

അതേസമയം 1971ൽ നടന്ന ഈ സംഭവം അന്നത്തെ പത്രങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി പ്രതിസന്ധികൾ മറികടന്ന് ഇതിനെ വിമർശിച്ച് വാർത്ത നൽകിയിരുന്നെന്നും രജനീകാന്ത് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യും രജനിയ്ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പൊതുവേദികളിൽ രജനി ശ്രദ്ധയോടെവേണം പ്രസംഗിക്കേണ്ടതെന്ന് ഫിഷറീസ് മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ ഡി. ജയകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദ്രാവിഡർ വിടുതലൈ കഴകം രജനിയ്ക്കെതിരേ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.