
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസ്. തലപ്പത്തെ കൂട്ടസ്ഥലംമാറ്റ ഉത്തരവിലെ ചട്ടലംഘനങ്ങള്‍ക്കെതിരെ പോലീസ് സേനയില്‍ കടുത്ത അതൃപ്തിയും പൊട്ടിത്തെറിയും. സീനിയോറിറ്റി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കീഴില്‍ സീനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരെ ഐ.ജി.മാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ കടുത്ത അതൃപ്തി അറിയിച്ചു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എ.പി. ഷൗക്കത്തലിയെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്. ഷൗക്കത്തലിയെ നിയമിച്ചതല്ല, മറിച്ച് അവിടുത്തെ സീനിയോറിറ്റി തകിടംമറിച്ചതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്.
നിലവില്‍ കോഴിക്കോട് സിറ്റി ഡി.സി.പി.യായി സേവനമനുഷ്ഠിക്കുന്ന പദം സിംഗിന് പുതിയ കമ്മീഷണര്‍ ഷൗക്കത്തലിയേക്കാള്‍ സീനിയോറിറ്റിയുണ്ട്. ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്റെ കീഴില്‍ അതിനേക്കാള്‍ സീനിയറായ ഉദ്യോഗസ്ഥന്‍ ജോലി ചെയ്യേണ്ടി വരുന്ന വിചിത്രമായ സാഹചര്യമാണ് ആഭ്യന്തരവകുപ്പ് ഉണ്ടാക്കിവെച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പിഴവുകള്‍ അടിയന്തിരമായി പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങിയതായാണ് വിവരം.
ഡി.ഐ.ജി. ഗ്രേഡില്‍ എത്തിനില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥയായ മെറിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ എസ്.പി.യായി നിയമിച്ചതിലും ഐ.പി.എസ്. അസോസിയേഷന് കടുത്ത വിയോജിപ്പുണ്ട്.
കോഴിക്കോട് സിറ്റിയില്‍ കമ്മീഷണറായി ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഇരിക്കുമ്പോള്‍, തൊട്ടടുത്ത റൂറലില്‍ ഡി.ഐ.ജി. റാങ്കിലുള്ള സീനിയര്‍ ഉദ്യോഗസ്ഥയെ നിയമിച്ചത് കേഡര്‍ പദവികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഡി.ജി.പിയെ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു.
ഐ.പി.എസ്. തലപ്പത്തുണ്ടായ ഈ ഗുരുതരമായ പൊരുത്തക്കേടുകളില്‍ അതൃപ്തി വ്യക്തമാക്കിയ ഡി.ജി.പി. റവാഡ ചന്ദ്രശേഖര്‍, വിഷയം ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ എ. ഹേമചന്ദ്രനെ അടിയന്തിരമായി അറിയിച്ചിട്ടുണ്ട്. സേനയുടെ അച്ചടക്കത്തെയും അന്തസ്സിനെയും ബാധിക്കുന്ന ഇത്തരം ചട്ടലംഘനങ്ങള്‍ തിരുത്തണമെന്ന നിലപാടിലാണ് ഡി.ജി.പി.







