കാഞ്ഞിരപ്പള്ളി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കം; വാഗമൺ, മർമല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കം. ചിറ്റാർ കരകവിഞ്ഞ് കാഞ്ഞിരപ്പള്ളി ടൗണിൽ വെള്ളം കയറി. അരയാൾ പൊക്കത്തിൽ വെള്ളം പൊങ്ങിയതോടെ കടകളിലും വെള്ളം കയറി. കനത്ത മഴയിൽ മഴവെള്ള സംഭരണി ഒലിച്ചുപോയി. മുണ്ടക്കയത്തെ പാർക്കിങ് ഗ്രൗണ്ടിൽ വെള്ളം കയറി കാറുകൾ വെള്ളത്തിനടിയിലായി. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ മുറ്റം വരെ വെള്ളം കയറി. ചരിത്രത്തിൽ ആദ്യമായാണ് കാഞ്ഞിരപ്പള്ളിയിൽ ഇത്രയും വെളളം ഉയരുന്നത്.
കനത്ത മഴയെ തുടർന്ന് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി 26ാം മൈൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ജില്ലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയിൽ പലയിടത്തും ഉരുൾ പൊട്ടൽ ഭീഷണിയുണ്ട്. ജില്ലയിലെ വാഗമൺ, മർമല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. പാലാ ടൗണിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.