കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍കൂടി തുറന്നു; സെക്കൻ്റില്‍ 825 ഘനയടി ജലം പുറത്തേക്ക്; ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ ഒന്നുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നവംബര്‍ ഒന്നിനും യെല്ലോ അലര്‍ട്ടാണ്.
ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റുവീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്.
ഇതോടെ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയര്‍ന്നു. ഇതോടെ മൂന്ന് ഷട്ടറുകളിലൂടെയാണ് നിലവില്‍ വെള്ളം പുറത്തേക്ക് പോവുന്നത്. മൂന്നുവര്‍ഷത്തിനുശേഷം ഇന്നലെ രാവിലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്.
സ്പില്‍വേയിലെ 3, 4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് രാവിലെ പുറത്തേക്ക് ഒഴുക്കിയത്. കേരളത്തിന്റെ ആവശ്യപ്രകാരമാണ് ഒരു ഷട്ടര്‍ കൂടി തുറക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള ജലനിരപ്പിനേക്കാള്‍ അരയടിയില്‍ താഴെ വെള്ളം മാത്രമായിരിക്കും പെരിയറില്‍ ഉയരുകയെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ച് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഉള്‍കൊള്ളാനുള്ള പര്യാപ്തത നിലവില്‍ ഡാമിനുണ്ട്. അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് കെഎസ്‌ഇബി അധികൃതര്‍ നല്‍കുന്ന വിശദീകരണം.