ചീഞ്ഞ മീൻ മാർക്കറ്റിലേയ്ക്ക് : ട്രെയിനിൽ എത്തുന്നത് മാലിന്യം കലർന്ന മീനോ ? ദുർഗന്ധത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

ചീഞ്ഞ മീൻ മാർക്കറ്റിലേയ്ക്ക് : ട്രെയിനിൽ എത്തുന്നത് മാലിന്യം കലർന്ന മീനോ ? ദുർഗന്ധത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

സ്വന്തം ലേഖകൻ

കോട്ടയം : ചീഞ്ഞ് അഴുകി ദുർഗന്ധം വമിക്കുന്ന മീൻ മാർക്കറ്റിൽ വിൽപ്പനയ്ക്ക് എത്തിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ വേണാട് എക്സ്പ്രസിൽ നിന്നാണ് ദുർഗന്ധം വമിക്കുന്ന മീൻ പ്ലാറ്റ്ഫോമിൽ ഇറക്കിയത്. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മീൻ വിൽപ്പനയ്ക്കായി കച്ചവടക്കാർ വന്ന് ഏറ്റെടുത്ത് കൊണ്ടു പോയി. ശനിയാഴ്ച മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി ഈ മീനുകൾ എത്തും.
കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് മൂന്ന് ബോക്സുകളിലായി മീൻ എത്തിച്ചത്. വേണാട് എക്സ്പ്രസിൽ എത്തിയ ഈ ബോക്സുകൾ പ്ലാറ്റ്ഫോമിൽ ഇറക്കിവച്ചതോടെ അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിറയെ യാത്രക്കാർ നിൽക്കുമ്പോഴായിരുന്നു രൂക്ഷമായ ദുർഗന്ധത്തോടെ മീൻ ഇറക്കിയത്. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. എന്നാൽ, അൽപ സമയം കഴിഞ്ഞപ്പോൾ സ്ഥലത്തെത്തിയ വ്യാപാരി ഫോം ഒപ്പിട്ട് നൽകി മീനുമായി സ്ഥലം വി്ട്ടു.
യാത്രക്കാർ പരാതിപ്പെട്ടിട്ടും, റെയിൽവേ അധികൃതരോ, പൊലീസോ ഭക്ഷ്യ സുരക്ഷാ വിഭാഗമോ സ്ഥലത്ത് എത്താനോ പരിശോധന നടത്താനോ തയ്യാറായില്ല. ഇത്തരത്തിൽ ടൺ കണക്കിന് മീനാണ് ദിവസവും കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ മീനുകൾ എവിടെ പോകുന്നു എന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങൾ ഒന്നുമില്ല.
ഫോർമാലിൻ അടക്കമുള്ള രാസപദാർത്ഥങ്ങൾ ചേർത്താണ് മീനുകൾ എത്തുന്നതെന്ന പരാതി വ്യാപകമാവുന്നതിനിടയിലാണ് ചീഞ്ഞ മീനുകളും എത്തുന്നത്.